
ഖരഇന്ധന ജ്വലനം പാളി
മർദ്ദവ്യതിയാനം സംഭവിച്ചു
തിരുവനന്തപുരം: മുപ്പതു വർഷമായി ഏറ്റവും വിജയകരമായി ഉപഗ്രഹ വിക്ഷേപണം നടത്തിവന്നിരുന്ന ഇന്ത്യയുടെ പി.എസ്.എൽ.വി റോക്കറ്റിന് കഴിഞ്ഞ വർഷം സംഭവിച്ച അതേ പിഴവ് ഇന്നലെയും ആവർത്തിച്ചത് ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ലോകത്തെ വിക്ഷേപണദൗത്യങ്ങളിൽ 94% കൃത്യതയും വിജയനിരക്കുമുള്ള റോക്കറ്റാണിത്.
കഴിഞ്ഞ വർഷം മേയ് 18ന് നടത്തിയ അറുപത്തിമൂന്നാമതു വിക്ഷേപണത്തിൽ സംഭവിച്ചതുപോലെ, ഖരഇന്ധനം ജ്വലിക്കുന്ന മൂന്നാം ഘട്ടത്തിലാണ് ഇക്കുറിയും നിയന്ത്രണം നഷ്ടപ്പെട്ടത്. അന്ന് മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിൽ ആയിരുന്നെങ്കിൽ, ഇന്നലെ നാലാം ഘട്ട ജ്വലനത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുമ്പാണ് നിയന്ത്രണം പോയത്. മർദ്ദക്കുറവ് അനുഭവപ്പെട്ടുവെന്നാണ് പ്രാഥമിക അനുമാനം. ഇതിലെ ദുരൂഹത നീക്കാനുള്ള തീവ്രയജ്ഞത്തിലാണ് അധികൃതർ. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ഡി.ആർ.ഡി.ഒ.യുടെ അന്വേഷ എന്ന ഇ.ഒ.എസ്.എൻ.1 എന്ന അത്യാധുനിക നിരീക്ഷണ ഉപഗ്രഹത്തിനൊപ്പം 15 വാണിജ്യഉപഗ്രഹങ്ങളുമായി കുതിച്ച പി.എസ്.എൽ.വി.സി-62 റോക്കറ്റാണ് ഗതിമാറിപ്പോയത്. ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിൽ എത്തിക്കാനായില്ല.
നാലുഘട്ടങ്ങളുള്ള പി.എസ്.എൽ.വി റോക്കറ്റിന്റെ നാലാംഭാഗമായ കുന്തമുനപോലുള്ള ഭാഗത്താണ് ഉപഗ്രഹങ്ങൾ സൂക്ഷിച്ചിരുന്നത്.
മൂന്നാംഘട്ടം വേർപ്പെടാതിരുന്നതിനാൽ നാലാംഘട്ടം പ്രവർത്തിച്ചുതുടങ്ങിയില്ല. ഇതുകാരണം, അതിലെ ഗതിനിർണ്ണയ,നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. റോക്കറ്റിന്റെ നാലാംഘട്ടം മുന്നോട്ട് കുതിക്കാനാകാതെ താഴേക്ക് പതിച്ചു. അതിലെ ഉപഗ്രഹങ്ങളും നഷ്ടമായി.
നഷ്ടപ്പെട്ടത് 600 കോടി,
ഓർഡറുകളും
1 200കോടിരൂപ റോക്കറ്റിന്റെ ചെലവും 15 ഉപഗ്രഹങ്ങളുടെ ചെലവായ 400ഓളം കോടിയും ചേർത്ത് ഏതാണ്ട് 600കോടിയോളം രൂപയുടെ നഷ്ടം നേരിട്ടു. ഇതിന് പുറമെ, വിദേശ ഉപഗ്രഹ വിക്ഷേപണദൗത്യങ്ങളുടെ കരാർ ഏറ്റെടുക്കുന്നത് വഴി രാജ്യത്തെ ബഹിരാകാശ വാണിജ്യ ഏജൻസിയായ എൻ.എസ്.ഐ.എല്ലിനും നിരവധി ഓർഡറുകൾ നഷ്ടമാകും
2 അന്വേഷ എന്ന ഇ.ഒ.എസ്.എൻ.1ഉപഗ്രഹത്തെ കൂടാതെ അഹമ്മദാബാദിലെ ലക്ഷ്മൺ ജ്ഞാനപീഠ് സ്കൂൾ വികസിപ്പിച്ച ആകാശത്തെ കൃത്രിമ നക്ഷത്രമായ സൻസ്കാർ സാറ്റ്, ഓർബിറ്റ് എയ്റോ സ്പേയ്സ് വികസിപ്പിച്ച ബഹിരാകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നത് പരീക്ഷിക്കുന്ന ആയുൽസാറ്റ്,ഇന്ത്യൻ സ്റ്റാർട്ടപ്പ് വികസിപ്പിച്ച ബഹിരാകാശത്തെ എ.ഐ.ലാബായ എംഒ.ഐ.1സാറ്റ്, ധ്രുവ്സ്പെയ്സിന്റെ നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഇന്ത്യയുടേത്
3 സ്പാനിഷ് സ്റ്റാർട്ട് അപ്പിന്റെ ഭാഗമായി ഭൗമോപരിതലത്തിൽ നിന്നു തിരികെയെത്തുന്ന റി എൻട്രി വെഹിക്കിളായ എസ്ട്രൽ കിഡ് (കിഡ് കാപ്സ്യൂൾ), ബ്രസീലിന്റെ എജു സാറ്റ്, ഓർബിറ്റൽ ടെംപ്ൾ, ഗാലക്സി എക്സ്‌പേളാറർ, അൽഡെബറാൻ, വായ്സാറ്റ്,തുടങ്ങി അഞ്ച് ഉപഗ്രഹങ്ങൾ,നേപ്പാളിന്റെ മുണാൾ, തായ്ലൻഡ്ബ്രിട്ടൻ സംയുക്ത നിർമിതിയായ തിയോസ് 2,എന്നിവ വിദേശ ഉപഗ്രങ്ങൾ
അസംഭവ്യം.... പക്ഷേ
64വിക്ഷേപണങ്ങൾ നടത്തിയിട്ടുളള പി.എസ്.എൽ.വി ഇന്നലത്തേത് ഉൾപ്പെടെ പരാജയപ്പെട്ടത് നാലുതവണമാത്രം. ചന്ദ്രയാൻ 1, മംഗൾയാൻ, ആദിത്യ എൽ.1, അസ്ട്രോസാറ്റ് എന്നിവയുടെ ദൗത്യങ്ങളും 104ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ബഹിരാകാശത്ത് എത്തിച്ച ലോക റെക്കോഡ് സ്ഥാപിക്കുകയും ചെയ്ത റോക്കറ്റാണ് പി.എസ്.എൽ.വി. ഇതുപോലൊരു പിഴവ് പി.എസ്.എൽ.വി.ക്ക് സംഭവിക്കാനിടയില്ലാത്തതെന്നാണ് വിദഗ്ധർ പറയുന്നത്.
എന്താണ് സംഭവിച്ചതെന്ന് വിശദമായ പരിശോധന നടത്തിവരികയാണ്
ഡോ.എൻ.നാരായണൻ,
ഐ.എസ്.ആർ.ഒ.മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |