പത്തനംതിട്ട : സഹപാഠികളായ മൂന്ന് പെൺകുട്ടികളുടെ മാനസിക പീഡനമാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മുസജീവിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് കോടതിയൽ റിപ്പോർട്ട് നൽകി.
അത്മഹത്യാ പ്രേരണക്കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്തനാപുരം സ്വദേശി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം. മൂവരെയും പത്തനംതിട്ട ജുഡിഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി അടുത്തമാസം 5 വരെ റിമാൻഡ് ചെയ്തു. പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
ജാമ്യം ലഭിച്ചാൽ വിദ്യാർത്ഥിനികൾ തെളിവ് നശിപ്പിക്കുമെന്നും ഇവരുടെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്നും പത്തനംതിട്ട സി.ഐ ഷിബുകുമാർ ജഡ്ജി കാർത്തിക പ്രസാദ് മുമ്പാകെ ബോധിപ്പിച്ചു.
കഴിഞ്ഞ 15നാണ് അമ്മുവിനെ താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സഹപാഠികളുടെ നിരന്തര പീഡനം കാരണമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. സഹപാഠികൾക്കെതിരെ അമ്മു കോളേജ് അന്വേഷണ സമിതിക്ക് നൽകിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
മോഷ്ടാവായി ചിത്രീകരിച്ചു
മാസങ്ങൾക്ക് മുൻപുവരെ അമ്മുവിന്റെ സുഹൃത്തുക്കളായിരുന്നു മൂവരും. സൗഹൃദത്തിൽ വിള്ളലുണ്ടായതോടെ പീഡനം തുടങ്ങി. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചു
രോഗികളുടെ വിവരങ്ങൾ കുറിക്കുന്ന സഹപാഠിയുടെ ലോഗ് ബുക്ക് നവംബർ ആദ്യം നഷ്ടപ്പെട്ടിരുന്നു. ഇത് അമ്മു എടുത്തെന്ന് മൂവരും പറഞ്ഞുപരത്തി
ലോഗ് ബുക്കിനുവേണ്ടി മൂവരും അമ്മുവിന്റെ മുറിയിൽ ബലാൽക്കാരമായി പരിശോധന നടത്തി. മുറിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു
ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നൽകിയിരുന്നില്ല. എന്നാൽ അദ്ധ്യാപിക വഴി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ രക്ഷിതാക്കളുടെ യോഗം വിളിച്ചു
നവംബർ 13നായിരുന്നു യോഗം. അമ്മുവിന്റെ അച്ഛന് വരാനുള്ള അസൗകര്യം കാരണം 18ലേക്ക് യോഗം മാറ്റി. എന്നാൽ 15ന് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു
മൂവരിൽ ഒരാളുടെ പണം നഷ്ടപ്പെട്ട സംഭവത്തിലും ഇവർ അമ്മുവിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയിരുന്നു. മോഷ്ടാവെന്ന് അധിക്ഷേപിക്കുകയും ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |