തിരുവനന്തപുരം: മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെയും മാലിന്യ പ്ലാന്റുകളെയും ചിലർ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ വൃത്തി 2025 ദേശീയ ക്ലീൻ കേരള കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുള്ള വേദികൂടിയാണിത്. മാലിന്യ നിർമ്മാർജ്ജന രംഗത്തും ഇതേ രീതിയിൽ രാജ്യത്തിനാകെ മാതൃകയാകുന്ന നേട്ടങ്ങളുണ്ടാക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറു ശതമാനം മാലിന്യമുക്തമായ കേരളമാണ് ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോൺക്ലേവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ മാലിന്യ നിർമ്മാർജ്ജനത്തിൽ മുന്നോട്ടുള്ള വഴി വ്യക്തമാക്കുന്ന വിഷൻ ഡോക്യുമെന്റ് സമാപന സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലകൾക്കുള്ള അവാർഡുകളും അദ്ദേഹം സമ്മാനിച്ചു.
കണ്ണൂർ ഒന്നാം സമ്മാനവും കോഴിക്കോട് രണ്ടാം സമ്മാനവും തൃശൂർ മൂന്നാം സമ്മാനവും നേടി. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ ടി.എൻ.സീമ റിപ്പോർട്ട് ഏറ്റുവാങ്ങി.മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ, ജി.ആർ.അനിൽ,പി.എ. മുഹമ്മദ് റിയാസ് എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു,സി.കെ.ഹരീന്ദ്രൻ,വി.ശശി,ഒ.എസ്.അംബിക,ഐ.ബി.സതീഷ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
സത്യസന്ധതയുടെ വെളിച്ചം
മുഖ്യമന്ത്രി പിണറായി വിജയന് ഭദ്രദീപം കൊളുത്താനുള്ള വിളക്ക് കൈമാറിയത് കടയ്ക്കാവൂർ ആറാം വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങളായ സതികുമാരിയും നിഷയും ചേർന്നാണ്. മാസങ്ങൾക്ക് മുമ്പ് വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിനിടെ ഇവർക്ക് ലഭിച്ച സ്വർണം ഉടമസ്ഥർക്ക് കൈമാറി ഇരുവരും ഹരിതകർമ്മ സേനയുടെ സത്യസന്ധതയ്ക്ക് വെളിച്ചം പകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |