കോഴിക്കോട്: മണ്ണിന്റെ മണമുള്ള രചനകളിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരിക്ക് വിട. സാമൂഹിക പ്രവർത്തകയും അദ്ധ്യാപികയുമായിരുന്ന പി. വത്സല (84) മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് അന്തരിച്ചത്. വിദേശത്തു നിന്ന് മകൻ വന്ന ശേഷം വെള്ളിയാഴ്ച വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്‌കരിക്കും.
അന്നുരാവിലെ മുതൽ 12 മണി വരെ വെള്ളിമാട്കുന്നിലെ വീട്ടിലും തുടർന്ന് മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും പൊതു ദർശനം. വൈകിട്ട് അഞ്ചിന് ടൗൺഹാളിൽ അനുശോചന യോഗം. 2021ലെ എഴുത്തച്ഛൻ പുരസ്‌കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
വയനാടിന്റെ കഥാകാരിയായ പി. വത്സല 1960കൾ മുതൽ സാഹിത്യത്തിൽ സജീവമായിരുന്നു. മുഖ്യധാരയിൽ നിന്ന് അകലുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയാണ് കൃതികളിൽ പ്രതിഷ്ഠിച്ചത്. 17 നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യ കൃതികളും യാത്രാവിവരണവുമെഴുതി. ആദിവാസികളുടെ ദുരിതജീവിതം ഒപ്പിയെടുത്ത നോവൽ നെല്ല് പിന്നീട് സിനിമയാക്കി. നിഴലുറങ്ങുന്ന വഴികൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
1939 ഓഗസ്റ്റ് 28ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനനം. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് നടക്കാവ് സ്‌കൂളിൽ. പ്രീഡിഗ്രിയും ബിരുദവും പ്രോവിഡൻസ് കോളേജിൽ. ബി.എ ഇക്കണോമിക്‌സ് ജയിച്ച ഉടൻ കൊടുവള്ളി സർക്കാർ ഹൈസ്‌കൂളിൽ അദ്ധ്യാപികയായി. പിന്നീട് കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിൽ ബി.എഡ് പൂർത്തിയാക്കി. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി. 32 വർഷത്തെ അദ്ധ്യാപന ജീവിതം. അവസാനത്തെ അഞ്ചുവർഷം നടക്കാവ് ടി.ടി.ഐയിൽ പ്രധാനാദ്ധ്യാപികയായി. 1993 മാർച്ചിൽ വിരമിച്ചു.
സാഹിത്യ അക്കാഡമി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. 1961ൽ കോഴിക്കോട്ട് എൻ.വി. കൃഷ്ണവാരിയരുടെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ സമിതിയിലെ നിറസാന്നിദ്ധ്യമായി.17 വർഷമായി സമിതി അദ്ധ്യക്ഷയായിരുന്നു. മലാപ്പറമ്പ് എൻ.ജി.ഒ. ക്വാർട്ടേഴ്‌സിലെ 'അരുൺ' വീട്ടിലായിരുന്നു താമസം.
പ്രധാന കൃതികൾ
നെല്ല്, റോസ്‌മേരിയുടെ ആകാശങ്ങൾ, ആരും മരിക്കുന്നില്ല, ആഗ്‌നേയം, ഗൗതമൻ, പാളയം, ചാവേർ, അരക്കില്ലം, നമ്പരുകൾ, കൂമൻകൊല്ലി, വിലാപം, വേനൽ, കനൽ, നിഴലുറങ്ങുന്ന വഴികൾ, തിരക്കിൽ അൽപ്പം സ്ഥലം, പഴയ പുതിയ നഗരം,വത്സലയുടെ സ്ത്രീകൾ, തിരഞ്ഞെടുത്ത കഥകൾ, കഥായനം.
പ്രധാന പുരസ്‌കാരങ്ങൾ
എഴുത്തച്ഛൻ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ്, സി.എച്ച്. അവാർഡ്, ലളിതാംബികാ അന്തർജനം അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക മയിൽപ്പീലി അവാർഡ്, ബാലാമണിയമ്മ അക്ഷരപുരസ്‌കാരം, സദ്ഭാവന അവാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |