
കൊച്ചി: സ്വന്തം വീട് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടദേവതയ്‌ക്കു വേണ്ടി നിർധനകുടുംബം നിയമയുദ്ധം നടത്തി നേടിയ 4.81 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിൻമേൽ കൊച്ചിൻ ദേവസ്വം ബോർഡ് അടയിരിക്കാൻ തുടങ്ങിയിട്ട് 20 വർഷം. 50 കോടിയിലേറെ രൂപ മൂല്യമുള്ളതാണ് പള്ളുരുത്തി തഴുപ്പ് വടക്ക് രാമൻകുട്ടി ഭാഗവതർ റോഡിലെ അഴകിയകാവ് ഭഗവതി ക്ഷേത്രം വക ഭൂമി. ക്ഷേത്രത്തിൽനിന്ന് രണ്ടു കിലോമീറ്ററോളം അകലെയുള്ള ഈ ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിട്ടും ബോർഡ് തിരിഞ്ഞുനോക്കുന്നില്ല.
ജില്ലാ കളക്ടർ വഴി ഭൂസംരക്ഷണ നിയമം ഉൾപ്പെടെ വിനിയോഗിച്ച് എത്രയും വേഗം കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് എസ്. ശങ്കരസുബ്ബനും കെ.ആർ. ഉദയഭാനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് 2005 മാർച്ച് 5ന് ഉത്തരവിട്ടത്. ലാൻഡ് ട്രൈബ്യൂണലിൽ നിന്ന് പർച്ചേസ് സർട്ടിഫിക്കറ്റ് വാങ്ങിയ ചിലരെ ഒഴിപ്പിക്കാൻ സാധിച്ചേക്കില്ലെങ്കിലും നടപടികൾ വൈകരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
പള്ളുരുത്തി സ്വദേശികളായ എം.കെ. നാരായണനും മകൻ
ബാബു മോഹനും മരുമകൾ ജലജാ ബാബുമോഹനുമാണ് കേസ് നടത്തിവന്നത്. കൈയേറ്റക്കാരായ 20 പേരും കക്ഷി ചേർന്നിരുന്നു. ഇവരാരും അപ്പീലുമായി സുപ്രീംകോടതിയിൽ പോയിട്ടില്ല. അനുകൂല വിധിയുണ്ടായെങ്കിലും ഫലം കാണാനാകാതെ നാരായണനും ബാബുവും മരിച്ചു. ഇടിഞ്ഞുവീഴാറായ വീട്ടിൽ ജലജ മാത്രമാണ് താമസം. മാറിയാൽ ഈ ഭൂമിയും കൈയേറിപ്പോകുമെന്ന ചിന്തയിലാണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ താമസം തുടരുന്നത്.
ദേവസ്വം അറിയാതെ പർച്ചേസ് സർട്ടിഫിക്കറ്റ് വാങ്ങിയതിലും ബോർഡ് അന്വേഷണമോ നടപടിയോ എടുത്തില്ല.
ക്ഷേത്രം ഉപദേശക സമിതിയംഗമായിരുന്ന പട്ടികജാതിക്കാരനായ ബാബുവിന്റെ വീടും ഇതേ ഭൂമിയിലാണ്. വീട് നഷ്ടപ്പെട്ടാലും ഭഗവതിയുടെ ഭൂമി അന്യാധീനപ്പെടരുതെന്നത് കുടുംബത്തിന്റെ തീരുമാനമായിരുന്നു.
ക്ഷേത്രത്തിന്റെ 9.5 ഏക്കർ ഭൂമിയിൽ 4.45 ഏക്കർ റവന്യൂ പുറമ്പോക്കാക്കി മാറ്റിയ ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ ഉത്തരവുകൾ രണ്ടുവട്ടം റദ്ദാക്കാൻ ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തിയതും സമീപവാസിയായ ഭക്തനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |