
തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, കാർ ഓടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. അപകടകരമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധവും വാഹനമോടിച്ചു, അപകടത്തിൽപ്പെട്ടവർക്കു പ്രഥമശുശ്രൂഷയ്ക്ക് സൗകര്യമൊരുക്കിയില്ല, യഥാസമയം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാതെ വാഹനം ഓടിച്ചുപോയി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു അപകടം. കാറിൽ ട്രിവാൻഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കാനൊരുങ്ങുകയായിരുന്നു രാജു. ഇതിനിടെയായിരുന്നു അപകടം. കാർ നിറുത്താതെ പോയ രാജു ഇന്നലെ രാവിലെയാണ് സ്റ്റേഷനിൽ ഹാജരായത്. കാറും കസ്റ്റഡിയിലെടുത്തു.
ബൈക്ക് യാത്രികരായ ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവർക്ക് സ്വകാര്യ ആശുപത്രികളിൽ സർജറി വേണ്ടിവന്നു. എൽ.എൽ.ബി വിദ്യാർത്ഥിയായ നിദേവിന് ഇടതുകാലിന് പൊട്ടലുണ്ട്. ഐ.ടി.ഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനാണ് പൊട്ടൽ. കാറിന്റെ മുൻവശത്ത് ഇടിച്ച് ബൈക്ക് തെറിച്ചുപോയി. ബൈക്ക് യാത്രികർ റോഡിൽ കിടന്നിട്ടും രാജു കടന്നുകളഞ്ഞത് കടുത്ത വിമർശനത്തിനിടയാക്കി.
സംഭവം കണ്ടവരാണ് മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചതും ഇരുവരെയും ആശുപത്രിയിലെത്തിച്ചതും. ഇന്നലെ രാവിലെ രാജുവിന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. രക്തസാമ്പിളിന്റെ പരിശോധനാഫലം വന്നിട്ടില്ല. തുടർന്ന് അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. സംഭവം ഡി.സി.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും.
നടന് ആശ്വാസമായി
സി.സി ടിവി ദൃശ്യം
രാജുവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനിടെയാണ് സി.സി ടിവി ദൃശ്യം പുറത്തുവന്നത്. കാർ നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചെന്നായിരുന്നു പ്രചാരണം. അതിവേഗം വന്നിടിച്ചെന്നാണ് യുവാക്കളും പറഞ്ഞത്. എന്നാൽ, സി.സി ടിവി ദൃശ്യം നടന് ആശ്വാസം നൽകുന്നതായി. ട്രിവാൻഡ്രം ക്ലബിൽ നിന്ന് സാവധാനം പുറത്തേക്കിറങ്ങിയ കാർ ഇൻഡിക്കേറ്റർ ഇട്ട് വാഹനങ്ങൾ കടന്നു പോകാൻ കാത്തുനിന്നു. ശേഷം റോഡ് മുറിച്ചു കടക്കാൻ സാവധാനം മുന്നോട്ട് നീങ്ങിയപ്പോഴാണ് അതിവേഗത്തിൽ ബൈക്ക് വന്നിടിച്ചത്. രണ്ട് ഇരുചക്രവാഹനങ്ങൾ ഒരേസമയം വന്നതിൽ ഒരെണ്ണം കാറിനു പോകാനായി നിറുത്തി. അപകടത്തിൽപ്പെട്ട ബൈക്ക് അതിവേഗം കാറിനു മുന്നിലേക്കു വെട്ടിച്ചു കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
''കാർ നിറുത്താത്തത് പേടിച്ചിട്ടാണ്. ഞാൻ ക്യാൻസർ പേഷ്യന്റാണ്. ഇപ്പോൾ ചിക്കുൻ ഗുനിയയുമുണ്ട്. 2024നു ശേഷം മദ്യപിച്ചിട്ടില്ല
-മണിയൻപിള്ള രാജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |