SignIn
Kerala Kaumudi Online
Saturday, 27 April 2024 2.21 AM IST

ആർ. ശങ്കർ കോൺഗ്രസ് പ്രവർത്തകർ ഹൃദയത്തോട് ചേർത്തുവച്ച അതികായൻ: കെ. സുധാകരൻ എം.പി

r-shankar

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി, പിന്നാക്കസമുദായത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെയാൾ, ആദ്യത്തെ ഉപമുഖ്യമന്ത്രി തുടങ്ങിയ നിരവധി സവിശേഷതകളുള്ള ആർ. ശങ്കർ കോൺഗ്രസുകാർ ഹൃദയത്തോട് ചേർത്തുവച്ച അതികായനും അനിഷേദ്ധ്യനുമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

മികച്ച ഭരണാധികാരി, രാജ്യതന്ത്രജ്ഞൻ, സംഘാടകൻ, സമുദായ പ്രവർത്തകൻ, സ്വാതന്ത്ര്യസമരസേനാനി തുടങ്ങിയ ഏത് അളവുകോലെടുത്താലും പത്തരമാറ്റോടെയാണ് അദ്ദേഹത്തെ ചരിത്രം വിലയിരുത്തിയിട്ടുള്ളത്.

1959ൽ വിമോചനസമരം കേരളത്തിൽ അലയടിച്ചപ്പോൾ ശങ്കർ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ സെൽ ഭരണമേർപ്പെടുത്തുകയും ജനാധിപത്യവിശ്വാസികളെ കൂട്ടക്കുരുതി നടത്തുകയും ചെയ്തപ്പോൾ കോൺഗ്രസ് അതിശക്തമായ പോർമുഖം തുറന്നു. ബംഗാളും ത്രിപുരയും ദീർഘകാലം കമ്മ്യൂണിസ്റ്റ് നുകം ചുമന്നപ്പോൾ കേരളം ആ വഴി പോകാതിരുന്നത് വിമോചനസമരം കാരണമായിരുന്നു.

കേരളത്തിന്റെ തലവിധി മാറ്റിയെഴുതിയ ഭൂപരിഷ്‌കരണത്തിന്റെ അവകാശികളായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ചിലർ വാഴ്‌ത്താറുണ്ടെങ്കിലും സത്യവും വസ്തുതയും അതല്ല. ഇ.എം.എസ് മന്ത്രിസഭ പാസാക്കിയ കേരള കാർഷിക ബന്ധ ബിൽ രാഷ്ട്രപതി 1960 ജൂലായ് 27ന് തിരിച്ചയച്ചതിനെത്തുടർന്ന് രാഷ്ട്രപതി നിർദ്ദേശിച്ച ഭേദഗതികളും മറ്റും ഉൾപ്പെടുത്തി 1961 ജനുവരി 21നാണ് കേരള ഭൂപരിഷ്‌കരണ നിയമത്തിന് രാഷ്ട്രപതി അനുമതി നല്കിയത്. അന്ന് കേരളം ഭരിച്ചത് കോൺഗ്രസ് ഉൾപ്പെട്ട പട്ടം താണുപിള്ളയുടെ സർക്കാരാണ്. ഇതനുസരിച്ച് കുടിയാന്മാരെയും കുടികിടപ്പുകാരെയും വാരം, ശമ്പളപ്പാട്ടം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരെയും കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കാനായി. എല്ലാ ഒഴിപ്പിക്കലും കുടിയിറക്കലും നിയമവിരുദ്ധമായി. വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമി ഏഴര ഏക്കറും കുടുബത്തിന് 15 ഏക്കറുമായി നിജപ്പെടുത്തി.

ഭൂപരിഷ്കരണ നിയമത്തിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. തുടർന്ന് ആർ. ശങ്കർ മന്ത്രിസഭയുടെ കാലത്ത് റവന്യു മന്ത്രി പി.ടി. ചാക്കോ 1963 നവംബർ എട്ടിന് പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കാനും പരിധിയിൽ കവിഞ്ഞ ഭൂസ്വത്ത് സർക്കാരിൽ നിക്ഷിപ്തമാക്കാനും മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു പുതിയ ബിൽ. ചെറുകിട ഭൂവുടമകൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നാലേക്കറാക്കി. 1963 ഡിസംബർ 4ന് കേരള ഭൂപരിഷ്കരണ നിയമം കേരള നിയമ സഭ പാസാക്കി. അതോടെ ഇ.എം.എസിന്റെ കാർഷികബന്ധ നിയമം ഇല്ലാതായി.

കേരളത്തിൽ ഭൂപരിഷ്‌കരണം യാഥാർത്ഥ്യമാക്കിയതും ലക്ഷോപലക്ഷം കുടിയാന്മാരെയും ചെറുകിട കർഷകരെയും അടിമത്വത്തിന്റെ നുകത്തിൽ നിന്ന് മോചിപ്പിച്ചതും കോൺഗ്രസാണ്. കോൺഗ്രസിന് എക്കാലത്തും അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ചത് മുഖ്യമന്ത്രി ആർ. ശങ്കറിന്റെ കാലത്താണെന്നും സുധാകരൻ അനുസ്മരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SHANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.