കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയെ റാഗിംഗിനിരയാക്കിയെന്ന പരാതിയിൽ മൂന്നു വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. രണ്ടാംവർഷ വിദ്യാർത്ഥിക്കും രണ്ട് അവസാനവർഷ വിദ്യാർത്ഥികൾക്കുമാണ് സസ്പെൻഷൻ.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥിയുടെ ഹോസ്റ്റലിലെത്തി ക്ലിനിക്കൽ റെക്കാഡ് എഴുതിത്തരണമെന്നാവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി വിദ്യാർത്ഥി പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. മൂന്നംഗ കമ്മറ്റി പരാതിയിൽ അന്വേഷണം നടത്തി സംഭവം ശരിയാണെന്ന് കണ്ടെത്തിയതോടെ ആന്റി റാഗിംഗ് കമ്മിറ്റി യോഗം ചേർന്ന് നടപടിയെടുക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറുമെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിംഗ് പതിവാണ്. കഴിഞ്ഞ മാർച്ചിൽ റാഗിംഗ് പരാതിയെ തുടർന്ന് 19 വിദ്യാർത്ഥികളെ ക്ലാസിൽനിന്ന് മാറ്റി നിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |