ന്യൂഡൽഹി: ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ ഗാന്ധി, പരിധിക്കകത്ത് നിന്ന് പ്രസ്‌താവനകൾ നടത്തണമായിരുന്നെന്ന് നിരീക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി. മോദി പരാമർശത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്‌പെൻഡ് ചെയ്യണമെന്ന രാഹുലിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് ഹേമന്ദ് പ്രച്‌ഛാക് ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭാ എം.പിയായിരുന്നപ്പോൾ രാഹുൽ നടത്തിയ പരാമർശമാണ് കോടതി സൂചിപ്പിച്ചത്. വലിയ ജനസമൂഹത്തെ പ്രതിനിധീകരിക്കുന്നതിനാൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
കൊലപാതകം പോലുള്ള ഗുരുതര കുറ്റങ്ങൾ ചെയ്‌തിട്ടില്ലെന്ന് ഇതിനോട് രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പ്രതികരിച്ചു. മാനനഷ്‌ടക്കേസിൽ കുറ്രക്കാരനാണെന്ന വിധി സ്റ്റേ ചെയ്‌തില്ലെങ്കിൽ രാഹുലിന് അപരിഹാര്യമായ നഷ്‌ടമുണ്ടാകും. എട്ടുവർഷത്തെ അയോഗ്യത വരുമെന്നും സിംഗ്‌വി വാദിച്ചു.
രാഹുലിന്റെ ഹർജിയെ ഗുജറാത്ത് സർക്കാരും പരാതിക്കാരനായ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയും എതിർത്തു. രാഹുലിന്റെ ഹർജി നിലനിൽക്കില്ലെന്ന് പൂർണേഷ് മോദിയുടെ അഭിഭാഷകൻ നിരുപം നാനാവതി വാദിച്ചു. അടുത്ത ചൊവ്വാഴ്‌ച വാദം തുടരും. പൂർണേഷ് മോദി രേഖാമൂലം നിലപാട് അറിയിക്കണം.
രാഹുലിന്റെ വാദം
പൂർണേഷ് മോദിക്ക് മാനനഷ്‌ടക്കേസ് നൽകാനാവില്ല. പ്രസംഗത്തിൽ പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർക്കേ കേസ് കൊടുക്കാനാവൂ.
പൂർണേഷ് മോദിയുടെ ഹർജി മാനനഷ്‌ട വകുപ്പിനെ പരിഹസിക്കുന്നതാണ്
പത്ത് മിനുട്ട് മാത്രം വാദം കേട്ടാണ് പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് മജിസ്ട്രേട്ട് കോടതി വിധിച്ചത്
എതിർത്ത് സർക്കാർ അഭിഭാഷകൻ
രാഹുൽ കുറ്രക്കാരനാണെന്ന വിധി സ്റ്റേ ചെയ്യരുത്.
അപകീർത്തി വകുപ്പിലെ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് നിയമപരം
പരമാവധി ശിക്ഷ നൽകാവുന്ന കേസാണെന്ന് മജിസ്ട്രേട്ട് കോടതി കണ്ടെത്തി
കേസിന്റെ ഗൗരവം കണക്കിലെടുക്കണം.
വിധിക്കെതിരെയുളള ഹർജി പരിഗണിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |