കൊച്ചി: നഗരത്തിലെ പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഒഴിവായത് വൻ ദുരന്തം. എറണാകുളം - തൃശൂർ പാതയിൽ ലൂർദ് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്ക് വേണാട് എക്സ്‌പ്രസും എതിർ ദിശയിൽ നിന്ന് മംഗള എക്സ്‌പ്രസും ഇതുവഴി കടന്നുപോകാൻ 20 മിനിട്ട് മാത്രമേ ഇടവേള ഉണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് മരം കടപുഴകി വീണത്. വലിയ വീഴ്ച തിരിച്ചറിഞ്ഞ് റെയിൽവേ അന്വേഷണം തുടങ്ങി.
വലിയ ശബ്ദത്തോടെയാണ് മരം വീണത്. വൈദ്യുതി ലൈനിൽ തട്ടി മരത്തിന് ചെറിയ തോതിൽ തീപിടിച്ചു. ഉടൻ ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയെങ്കിലും ഏറെ കഴിഞ്ഞാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മംഗള, വേണാട് എക്‌സ്‌പ്രസ് ട്രെയിനുകൾ പിടിച്ചിട്ടു. മംഗള എക്സ്‌പ്രസ് അപകടമുണ്ടായ മേഖലയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു.ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കു കൂടിയാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.
അപകട സാദ്ധ്യത തിരിച്ചറിഞ്ഞ് മാസങ്ങൾക്ക് മുമ്പ് മരം വെട്ടിമാറ്റാൻ റെയിൽവേ സ്ഥലമുടമയ്ക്കും കോർപ്പറേഷനും നോട്ടീസ് നൽകിയിരുന്നു. കേസിൽപ്പെട്ട സ്ഥലമായതിനാൽ നടന്നില്ല. സമീപത്തെ മരങ്ങളെല്ലാം വെട്ടിമാറ്റിയിരുന്നു. രണ്ട് മരങ്ങൾ കൂടി ഇതേ സ്ഥലത്ത് അപകട ഭീഷണിയായി നിൽക്കുന്നുണ്ട്.
പൊട്ടിയാലും
പണി
റെയിൽവേ വൈദ്യുതി ലൈനിൽ മരക്കമ്പു വീണാൽ പോലും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടും. ഈ വിവരം കൺട്രോൾ റൂമിൽ അറിയാനുമാകും. ബ്ളോക്ക് തിരിച്ചുള്ള വൈദ്യുതി വിതരണമാണ് റെയിൽവേ പിന്തുടരുന്നത്. 25,000 വോൾട്ട് വൈദ്യുതിയാണ് ലൈനിലുണ്ടാവുക. പൊട്ടിവീണാലും 300 വോൾട്ട് വൈദ്യുതി അൽപ്പനേരം ലൈനിലുണ്ടാകും. ജീവനെടുക്കാൻ ഇതു ധാരാളം. ലൈൻ പൊട്ടി വീണതോടെ റെയിൽവേ പാളം ചുട്ടു പഴുത്തതു പോലെയായെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകിയ വിവരം.
മരം മുറിക്കവേ വടം പുറത്തടിച്ച്
പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
കൊച്ചി: പച്ചാളത്ത് റെയിൽവേ ട്രാക്കിൽ വീണ മരം മുറിച്ച് മാറ്റുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. എറണാകുളം നോർത്ത് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആലപ്പുഴ സ്വദേശി രജീന്ദ്രന്റെ നട്ടെല്ലിന് രണ്ട് പൊട്ടലുണ്ട്. ഇന്നലെ വൈകിട്ട് മരം വടംകെട്ടി മുറിക്കുന്നതിനിടെ വടം അഴിഞ്ഞ് രജീന്ദ്രന്റെ പുറത്തടിക്കുകയായിരുന്നു.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |