
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. 16.5 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ശബരിമലയിലും ഇന്ന് നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പമ്പ, നിലയ്‌ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ (മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വരെ) ആയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കേരള-കർണാടക-തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ശ്രീലങ്കൻ തീരം, ഗൾഫ് ഒഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ട്.
തിങ്കളാഴ്‌ച തമിഴ്‌നാട് തീരം, ഗൾഫ് ഒഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇവിടെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |