തിരുവനന്തപുരം: കുട്ടികളുടെ മജ്ജ മാറ്രിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആർ.സി.സിയിൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ മുതിർന്നവരുടെ ശസ്ത്രക്രിയയ്ക്കേ അവിടെ സൗകര്യമുള്ളൂ. മലബാർ കാൻസർ സെന്ററിൽ എല്ലാ പ്രായക്കാർക്കും മജ്ജ മാറ്റിവയ്ക്കലിന് സംവിധാനമുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടവർക്ക് ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം നടപടി നിർദ്ദേശിക്കുന്നുണ്ടെന്നും സജി ചെറിയാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ക്ളിനിക്കൽ രജിസ്ട്രേഷൻ ബിൽ പാസാക്കി
തിരുവനന്തപുരം: അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളിൽ താത്കാലിക രജിസ്ട്രേഷൻ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാനുള്ള കേരള ക്ളിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ താത്കാലിക രജിസ്ട്രേഷൻ കാലാവധി നാലരവർഷമായി വർദ്ധിച്ചു. കൊവിഡ് പോലുള്ള ദുരിത സമയങ്ങളിൽ ആരോഗ്യരംഗത്ത് ഇത്തരം സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ഭേദഗതിയുടെ ഉദ്ദേശമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. 2022-ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ഭേദഗതി ബില്ലും സഭ ഇന്നലെ പാസാക്കി.
സ്കൂൾ ഗ്രൗണ്ട് ജനങ്ങൾക്കായി
തുറന്നുകൊടുക്കില്ല
തിരുവനന്തപുരം: സ്കൂൾ ഗ്രൗണ്ടുകൾ പ്രദേശവാസികളുടെ കായിക പരിശീലനത്തിനും കായിക വിനോദങ്ങൾക്കുമായി തുറന്നുകൊടുക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സ്കൂൾ ഗ്രൗണ്ടും പരിസരവും സംരക്ഷണം ആവശ്യമുള്ള സുരക്ഷാ മേഖലയാണ്. സ്കൂൾ സമയം കഴിഞ്ഞ് ഗ്രൗണ്ട് ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനെക്കുറിച്ച് പഠനം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടുകാർക്ക് നടക്കാൻ പോലും കഴിയാത്ത രീതിയിൽ ഗ്രൗണ്ടുകൾ അടച്ചിട്ടിരിക്കുകയാണെന്നും മെമ്പർഷിപ്പും ഫീസും ഈടാക്കി ഗ്രൗണ്ടുകൾ കായിക വ്യായാമം ചെയ്യാനായി തുറന്നുകൊടുക്കണമെന്നും വി.കെ.പ്രശാന്ത് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |