
തിരുവനന്തപുരം: സാമ്പത്തിക പ്രശ്‌നം കാരണം മുടങ്ങിയ പദ്ധതികളിൽ ചെറിയ നീക്കുപോക്കു നടത്തി പൂർത്തിയാക്കാൻ തീരുമാനം. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതിയോഗമാണ് അനുമതി നൽകിയത്.
ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ളിയുവിന്റെ സഹായത്തോടെ നിർമ്മിക്കുന്ന നെൻമാറ - നെല്ലിയാമ്പതി റോഡ് സാമ്പത്തിക സഹായം നൽകുന്നവരുടെ വ്യവസ്ഥകൾക്ക് എതിരല്ലെങ്കിൽ പുനഃരാരംഭിക്കും. കരാറുകാരൻ പിൻമാറിയതിനെ തുടർന്ന് നിലച്ച റോഡിന്റെ നിർമ്മാണ ചെലവ് നിലവിൽ 105.48 കോടിയാണ്. ഇത് 114.13 കോടിയാകും.
ആലപ്പുഴയിലെ മൂർത്തീട്ട മുക്കത്തേരി വളചക്കിട്ടപ്പാലം വള്ളക്കളി റോഡ് നവീകരണം 19.02 കോടിക്ക് പൂർത്തിയാക്കും. തൃശൂരിലെ പാരിസ് റോഡ് പുനരുദ്ധാരണം 2.24 കോടി രൂപയ്‌ക്ക് പൂർത്തിയാക്കാനും അനുമതി നൽകി. ഐ.ടി മിഷന്റെ ആധാർ വോൾട്ട് പദ്ധതിയിൽ മൂന്ന് എൻജിനിയർമാരുടെ സേവനം മാർച്ച് വരെ നീട്ടി.
കുട്ടനാട് പ്രളയപ്രതിരോധ പാക്കേജിൽ 110 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന് പകരം പഴയ 12.5 എം.വി.എ ട്രാൻസ്‌ഫോർമർ ഉപയോഗിക്കും. ആദിവാസി വിഭാഗങ്ങൾക്കായുള്ള അതിരപ്പിള്ളി ഉപജീവന സുരക്ഷാ പദ്ധതിയുടെ കാലാവധി 2026 മേയ് വരെ നീട്ടാനും അനുമതി നൽകി.
ഹഡിൽ ഗ്ലോബൽ തീയതി മാറ്റി
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഫെസ്റ്റ് ഹഡിൽ ഗ്ലോബൽ ഡിസംബർ 12 മുതൽ 14 വരെ കോവളത്ത് നടക്കും. ഡിസംബർ 11 മുതൽ 13 വരെ നടക്കാനിരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നാണ് മാറ്റുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |