കൊച്ചി: കൊച്ചി പുറങ്കടലിൽ മുങ്ങിയ കണ്ടെയ്നർ കപ്പൽ എൽസ 3ലെ ചരക്കുരഹസ്യങ്ങൾ ഹൈക്കോടതി ഉത്തരവിനു പിന്നാലെ പുറത്തുവന്നു. ചരക്കുകളുടെ വിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായിരുന്നു നിർദ്ദേശം. അതീവ സ്ഫോടന സാദ്ധ്യതയുള്ള കാത്സ്യം കാർബൈഡ് നിറച്ച 13 കണ്ടെയ്നറുകളുണ്ട്. ഇതിൽ അഞ്ചെണ്ണം ഡെക്കിലും എട്ടെണ്ണം കപ്പലിനുള്ളിലുമാണ്.
ജലസമ്പർക്കമുണ്ടായാൽ അസറ്റിലിൻ വാതകമായി മാറുന്ന ഈ രാസവസ്തു വീണ്ടെടുത്തില്ലെങ്കിൽ വലിയ അപകടസാദ്ധ്യതയുണ്ട്. കപ്പലിൽ 484 ടൺ ഇന്ധനവും ഉള്ളതിനാൽ വലിയ സ്ഫോടനത്തിനും വൻ പരിസ്ഥിതി നാശത്തിനും ഇടവയ്ക്കും.
പത്തോളം കണ്ടെയ്നറുകൾ കപ്പൽ മുങ്ങും മുമ്പ് കടലിൽ പതിച്ചു. മുങ്ങിയ ശേഷം 100 കണ്ടെയ്നറുകൾ ഒഴുകി നടന്നു. 48 എണ്ണം കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തീരത്തെത്തി. 60 കണ്ടെയ്നറുകളിലായി 168 ടൺ പോളിമർ പെല്ലറ്റുകളുണ്ട്. കടലിൽ വീണ കണ്ടെയ്നറുകൾ പൊട്ടി പെല്ലറ്റുകൾ തീരങ്ങളിൽ അടിഞ്ഞു. പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് പെല്ലറ്റുകൾ.
കൊച്ചിയിൽ ഇറക്കേണ്ടവ 293
കൊച്ചി തുറമുഖത്ത് ഇറക്കേണ്ട 293 കണ്ടെയ്നറുകളും മുങ്ങിപ്പോയി. ഇതിൽ ഏഴെണ്ണം അപകടകരമായ ചരക്കുകൾ ഉള്ളവയായിരുന്നു. കൊച്ചിയിൽ നിന്ന് 250 കണ്ടെയ്നറുകൾ കയറ്റാനുമിരുന്നതാണ്.
ആകെ കണ്ടെയ്നറുകൾ : 643
കാലി : 71
കശുവണ്ടി, തേങ്ങ : 46
തടി ഉരുപ്പടികൾ : 87
പ്ളാസ്റ്റിക് പോളിമർ : 60
പഞ്ഞി : 39
കാത്സ്യം കാർബൈഡ് : 13
മീനെണ്ണ : 10
പയർവർഗങ്ങൾ : 6
ഗ്രീൻ ടീ, കറുവപ്പട്ട,തുണി : 1 വീതം
(അവശേഷിക്കുന്നവയിൽ സാൻഡ് സ്റ്റോൺ, ഏലം, പേപ്പർ ബോർഡ്, ന്യൂസ് പ്രിന്റ്, നെയ്‌ത്ത് മെഷീനുകൾ തുടങ്ങിയ ചരക്കുകളാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |