
തിരുവനന്തപുരം: മനസുതൊട്ട ഈണങ്ങൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന് യാത്രാമൊഴി. ഇന്നലെ വൈകിട്ട് നാലരയോടെ ചെന്നൈ പോരൂരിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി. ഇളയമകൻ വി.സുകുമാർ അന്ത്യകർമ്മങ്ങൾ ചെയ്തു.
ചെന്നൈ അൽപ്പാക്കത്തെ വസതിയിലെ പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരം.
നടൻ ജയറാം, സംഗീത സംവിധായകൻ ശരത്, ഗായകരായ സുജാത മോഹൻ, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഗായകൻ യേശുദാസിനു വേണ്ടി പുഷ്പചക്രം അർപ്പിച്ചു. കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരം ലഭിച്ച എസ്.പി. വെങ്കിടേഷിന് ആദരാഞ്ജലി അർപ്പിക്കാൻ സർക്കാരിന്റെ പ്രതിനിധികൾ ആരും എത്തിയിരുന്നില്ല. തമിഴ്നാട് മന്ത്രിസഭയിൽ നിന്നും ആരും എത്തിയില്ല.
''ശ്രുതിമധുരമായ ഒരു യുഗത്തിനാണ് തിരശ്ശീല വീണത്. സ്വന്തം ഈണങ്ങളെപോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രസാദാത്മകമായിരുന്നു. എനിക്ക് സംസ്ഥാന അവാർഡ് നേടിതന്ന ഗാനങ്ങളിൽ എസ്.പി. വെങ്കടേഷിന്റെ 'പൊൻമേഘമേ' എന്ന ഗാനമുണ്ടെന്നതും മറക്കാനാകാത്ത കാര്യം
-കെ.എസ്. ചിത്ര
''അദ്ദേഹത്തിന്റെ പാട്ടുകൾ പാടാൻ സാധിച്ചത് ജന്മപുണ്യം
-എം.ജി. ശ്രീകുമാർ
ഹൃദയവേദനയോടെ
വിട: മോഹൻലാൽ
എസ്.പി.വിയുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോടു ചേർത്തതെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു. എന്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. അദ്ദേഹത്തിന് ഹൃദയവേദനയോടെ വിട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |