SignIn
Kerala Kaumudi Online
Thursday, 19 February 2026 2.35 AM IST

ശബരിമല, മാളികപ്പുറം മേൽശാന്തിക്ക് സഹായിമാർ പാനലിൽ നിന്നാവണം

Increase Font Size Decrease Font Size Print Page
hc

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി, കഴകം, ഉൾകഴകം എന്നിവരുടെ സഹായികളെ നിയമിക്കുന്നതിന് പ്രത്യേക പാനൽ തയ്യാറാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സഹായികളെ മേൽശാന്തിമാർ യഥേഷ്ടം നിയമിക്കുന്നരീതി അവസാനിപ്പിക്കണം.

മറ്റ് ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കുന്നത് പരിഗണിക്കണം. സത്യസന്ധരായവരെ മാത്രമേ പാനലിൽ ഉൾപ്പെടുത്താവൂ. ഇതിന് ദേവസ്വം വിജിലൻസിന്റെയും സ്പെഷ്യൽബ്രാഞ്ചിന്റെയും റിപ്പോർട്ട് തേടണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.

സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. സഹായിയായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണക്കൊള്ളയ്ക്ക് വഴിതുറന്ന പശ്ചാത്തലത്തിലാണ് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയത്.

ക്രിമിനൽ പശ്ചാത്തലമുള്ളവർ പോലും നിയമിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലപോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ യാതൊരു പരിശോധനയുമില്ലാതെ കുറഞ്ഞ പ്രതിഫലത്തിന് ആളുകളെ നിയമിക്കുന്നത് അപകടമാണ്. ഇതുവരെ ശബരിമല മേൽശാന്തിക്ക് 35 പേരെയും മാളികപ്പുറം മേൽശാന്തിക്ക് 10 പേരെയും നിയമിക്കാമായിരുന്നു. ഉൾകഴകത്തിൽ 10 പേരെയും കഴകത്തിൽ ആറുപേരെയും അനുവദിച്ചിരുന്നു.

മേൽശാന്തിയുടെ സഹായികളിൽ നാലുപേർ പരിചയസമ്പന്നരായിരിക്കണം. രണ്ട് പരിചയസമ്പന്നരായ കീഴ്ശാന്തിമാരും വേണം. ശബരിമല മേൽശാന്തിയുടെ സഹായികളായെത്തുന്ന 24 പേർക്കും മാളികപ്പുറം മേൽശാന്തിയുടെ സഹായികളായ 10 പേർക്കും പ്രതിദിനം 450 രൂപ വീതം ദേവസ്വംബോർഡ് പ്രതിഫലം നൽകുന്നുണ്ട്. ഉൾകഴകം സഹായികളായ 10 പേർക്ക് 250 രൂപ വീതമാണ് നൽകുക. ഇതിൽ കൂടുതൽ പേരെ നിയമിച്ചാൽ മേൽശാന്തിമാർ തന്നെ പ്രതിഫലം നൽകണം.

പൊലീസ് ക്ലിയറൻസ്

നിർബന്ധമാക്കി

സഹായിമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽകാർഡും നിർബന്ധമാക്കിയെന്ന് ദേവസ്വംബോർഡ് അറിയിച്ചു. ഇവരുടെ പൂർണ ഉത്തരവാദിത്വം അതത് മേൽശാന്തിമാർക്കായിരിക്കും. സഹായികൾ ശ്രീകോവിലിൽ കയറുന്നത് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY