
പത്തനംതിട്ട: സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസിന്റെ ദേശീയ തലത്തിലെ ഉന്നത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഉന്നംവച്ചായിരുന്നു ആരാേപണം. എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോഴത്തെ കോൺഗ്രസ് ഉന്നതൻ 2004ൽ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് പോറ്റി ശബരിമലയിൽ കയറിയത്. അതുകൊണ്ടാണ് നിയമസഭയിൽ സ്വർണക്കൊള്ള ചർച്ച ചെയ്യാതെ യു.ഡി.എഫ് ഒളിച്ചോടിയത്. യു.ഡി.എഫിന്റെ ഭരണകാലത്താണ് ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി എല്ലാ കളികളും കളിച്ചത്. പോറ്റി ജയിലിൽ നിന്ന് പുറത്തിറിങ്ങിയെങ്കിലും ഇനി ഏലസുമായി സോണിയയെ കാണാൻ ഡൽഹിയിലേക്ക് പോകാൻ കഴിയില്ല.
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി നടത്തിയ സംഗമം പാളി. യഥാർത്ഥ ഭക്തർ അയ്യപ്പസംഗമത്തിലാണ് പങ്കെടുത്തത്. അതിന്റെ ശോഭ കെടുത്താനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ രംഗത്തിറക്കിയത്. കോൺഗ്രസും ബി.ജെ.പിയും പോറ്റിയെ ഏറ്റെടുത്തു. സ്വർണക്കൊള്ള കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. കോടതി നിരീക്ഷിക്കുന്ന കേസാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ കുര്യൻ മടക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി എം.പി, മന്ത്രി വീണാജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |