
അജ്മാൻ: ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാനാകാത്ത പ്രവാസി സമൂഹത്തിന്റെ ആത്മസംതൃപ്തി സാക്ഷാത്കരിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ15ന് അജ്മാൻ കൾച്ചറൽ സെന്ററിൽ വച്ച് 93-ാമത് ശിവഗിരി തീർത്ഥാടനം ആചാരഅനുഷ്ടാനങ്ങളോടെ ആചരിക്കും.8 യൂണിയനുകളുടെ നേതൃത്വത്തിൽ തുടർച്ചയായ 16-മത് വർഷമാണ് പ്രവാസി കൂട്ടായ്മയിൽ ശിവഗിരി തീർത്ഥാടനം യു.എ.ഇയിൽ നടത്തുന്നത്.
15ന് രാവിലെ 11ന് നടക്കുന്ന തീർത്ഥാടന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നല്കും.8 യൂണിയനുകളും വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ അനുമോദിക്കും.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,പ്രീതി നടേശൻ,സ്വാമി ശിവ സ്വരൂപാനന്ദ,ഇന്ത്യൻ കൗൺസിൽ ജനറൽ സന്തോഷ് ശിവൻ,യോഗം യു.എ.ഇ കോ-ഓർഡിനേറ്ററും കേരള ഹൈക്കോടതിയിലെ കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലും പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ.സിനിൽ മുണ്ടപ്പള്ളി,വ്യവസായിയും ശിവഗിരി,ദുബായ് യൂണിയനുകളുടെ പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ ബി.ജയപ്രകാശ്,വൈസ് ചെയർമാൻമാരായ സുരേഷ് തിരുകുളം,സാജൻ സത്യ,സെക്രട്ടറി ശ്രീധരൻ പ്രസാദ്,ട്രഷറർ ജെ.ആർ.സി ബാബു,ജനറൽ കൺവീനർ സിജു മംഗലശ്ശേരി എന്നിവർ പങ്കെടുക്കും.
തീർത്ഥാടന ദിനത്തിൽ പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.6.30ന് ധർമ്മ പതാക ആരോഹണം,8ന് സർവ്വ ഐശ്വര്യപൂജ,ഭജനുകൾ,പദയാത്ര,ദൈവദശകാലപനം,ആത്മീയ പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.ഉച്ചക്ക് 12.30ന് അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.തീർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്നായ നൂതന ശാസ്ത്ര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുക എന്ന ഗുരു കല്പനയെ ആസ്പദമാക്കി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,റോബോട്ടിക് എൻജിനീയറിംഗ് തുടങ്ങിയവയുടെ എക്സിബിഷനും നടക്കും.സാറ്റലൈറ്റ് ടെക്നോജി വിഷയത്തിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ സോമനാഥ് നടന്നുന്ന പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2മുതൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ നൃത്ത പരിപാടികൾ.തുടർന്ന് യു.എ.ഇയിലെ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന ഗുരുദേവ കലാസാഹിത്യ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം.വൈകിട്ട് 6ന് ഭഗവതി പൂജ,തുടർന്ന് ദീപാരാധന,പതാക അവഹോരണം എന്നീ ചടങ്ങുകളോടെ തീർത്ഥാടനം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |