
ന്യൂഡൽഹി: രാഷ്‌ട്രപതി ഭവന് മുന്നിൽ റെയ്‌സീന കുന്നിലെ അധികാര കേന്ദ്രങ്ങളായ സൗത്ത്-നോർത്ത് ബ്ളോക്കുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളും പടിയിറങ്ങി.
1931ൽ നിർമ്മിച്ച നോർത്ത്, സൗത്ത് ബ്ലോക്കുകൾ ഇനി 'യുഗ യുഗിൻ ഭാരത് മ്യൂസിയം'.
തന്റെ പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും. ഇതോടെ 'ഇന്ത്യയുടെ അധികാരം റെയ്‌സീന കുന്നുകളിൽ' എന്ന വിശേഷണം ഇനി ചരിത്രം.
ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ അടയാളമായ
സൗത്ത് ബ്ളോക്കിലെ അവസാന മന്ത്രിസഭാ യോഗം ചേർന്നശേഷമാണ് ഇന്നുച്ചയ്‌ക്ക് ഒന്നര മണിയോടെ സേവാ തീർത്ഥിലേക്ക് പ്രധാനമന്ത്രിയും മന്ത്രിമാരും പ്രവേശിക്കുന്നത്. തുടർന്ന് ഉദ്ഘാടനം ചെയ്യും.
സേവാതീർത്ഥ് 1,200 കോടിക്ക്,
ഉദ്യോഗസ്ഥർക്ക് ക്യാബിനില്ല
സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ്. മൂന്ന് കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്ന സേവാതീർത്ഥ് നിർമ്മാണം 1,200 കോടി ചെലവിൽ.
ഒന്നാം കെട്ടിടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം. കോൺഫറൻസ് ഹാളുകൾ, രാഷ‌്‌ട്രത്തലവൻമാർക്കുള്ള സ്വീകരണ മുറി എന്നിവയുമുണ്ട്.
മറ്റു രണ്ടു കെട്ടിടങ്ങളിലായാണ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടറിയേറ്റും പ്രവർത്തിക്കുന്നത്.
കാബിനുകൾ ഒഴിവാക്കി തുറന്ന ഹാളിൽ റാങ്ക് വ്യത്യാസമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പിടം.
'ഇന്ത്യ ഹൗസ്': ഉന്നത യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, പത്രസമ്മേളനങ്ങൾ എന്നിവയ്ക്കായി ആധുനിക കോൺഫറൻസ് ഹാൾ.
അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും നൂതന സൈബർ സുരക്ഷാ ശൃംഖലകളും
കെട്ടിടങ്ങൾക്ക് ഭൂകമ്പ പ്രതിരോധ ശേഷി. ഇന്ത്യൻ രൂപകൽപനയിൽ രാജസ്ഥാൻ ചെങ്കല്ലുകൊണ്ട് നിർമ്മാണം.
കർത്തവ്യ ഭവൻ
രണ്ട് സമുച്ചയം
നോർത്ത് ബ്ളോക്കിലെ ധനകാര്യ മന്ത്രാലയവും സൗത്ത് ബ്ളോക്കിലെ പ്രതിരോധ മന്ത്രാലയവും മാത്രമല്ല, പലിടത്തായി പ്രവർത്തിച്ചിരുന്ന ആരോഗ്യ-കുടുംബക്ഷേമം, കോർപ്പറേറ്റ് കാര്യം, വിദ്യാഭ്യാസം സാംസ്കാരികം, നിയമ-നീതിന്യായം, വാർത്താ വിതരണ പ്രക്ഷേപണം, കൃഷി-കർഷക ക്ഷേമം, രാസവസ്തു- രാസവളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളും കർത്തവ്യ ഭവന്റെ രണ്ടു കെട്ടിടങ്ങളിലായി പ്രവർത്തിക്കും.
സ്വതന്ത്ര ഇന്ത്യയുടെ
ആദ്യ മന്ത്രിസഭായോഗം
1947ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കീഴിലുള്ള ആദ്യ മന്ത്രിസഭാ യോഗം ചേർന്നത് സൗത്ത് ബ്ലോക്കിലെ ഓഫീസിലായിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |