കണ്ണൂർ: വരുന്ന ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗിന് സഹായിക്കാൻ അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയവാർഷിക പൊതുയോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഒരുക്കുന്ന സംഘത്തിന്റെ മുഴുവൻ ക്യാമ്പുകളിലും ഇതിനുള്ള സൗകര്യമൊരുക്കും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത ഓഫീസുകൾക്ക് പുറമേയാണിത്. ഓൺലൈൻ ബുക്കിംഗ് എൺപതിനായിരവും സ്പോട്ട് ബുക്കിംഗ് ഇരുപതിനായിരവുമായി നിജപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
എരുമേലി, ചെങ്ങന്നൂർ, പന്തളം, കണ്ണൂർ തുടങ്ങി സംഘത്തിന്റെ ക്യാമ്പുകളിൽ അന്നദാനവും അയ്യപ്പന്മാർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ദേശീയ ഭാരവാഹികളായി അഡ്വ. എം. രാജഗോപാലൻ നായർ (പ്രസിഡന്റ്), കൊയ്യം ജനാർദ്ദനൻ (ജനറൽ സെക്രട്ടറി), കൊച്ചു കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: ആർ. മുത്തുകുമാർ, ജയകുമാർ തിരുനക്കര, വേണു പഞ്ചവടി, അഡ്വ. ഷിബുകുമാർ, ചന്ദ്രൻ നെന്മാറ (വൈസ് പ്രസിഡന്റുമാർ), വി.വി. മുരളീധരൻ, ബാലഗണേഷ് സ്വാമി, തടത്താവിള രാധാകൃഷ്ണൻ, നാരായണ പ്രസാദ് (സെക്രട്ടറിമാർ), സി.എം. സലിമോൻ, ടി.കെ. പ്രസാദ് (എക്സിക്യൂട്ടീവ് നോമിനികൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |