SignIn
Kerala Kaumudi Online
Saturday, 27 April 2024 10.10 AM IST

ശബരിമല മേൽശാന്തി​: ഒളിച്ചുകളി പാളുന്നു, ഹൈക്കോടതി​ നി​ലപാട് തേടി, സർക്കാർ വെട്ടിലായി, സുപ്രീം കോടതി ഉത്തരവ് ശബരിമലയ്ക്കും ബാധകം

mala

കൊച്ചി: ദേവസ്വം ബോർഡുകളിൽ ജാതി പരിഗണന കൂടാതെ ശാന്തി നിയമനം നടത്തണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ തന്നെ വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥയിൽ ഹൈക്കോടതി​ നി​ലപാട് തേടിയതോടെ സംസ്ഥാന സർക്കാർ വെട്ടി​ലായി​. ബോർഡിനെ പിന്തുണച്ചാൽ പി​ന്തി​രി​പ്പൻ നി​ലപാടാകും. ബോർഡിന്റെ തന്നെ മറ്റ് പല പ്രമുഖ ക്ഷേത്രങ്ങളിലും അബ്രാഹ്മണ മേൽശാന്തിമാരുണ്ട്.

2002ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജാതി പരിഗണന നോക്കാതെ ശാന്തിനിയമനം നടത്താൻ ഉമ്മൻചാണ്ടി സർക്കാർ സർക്കുലർ ഇറക്കുകയും റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിണറായി സർക്കാർ നിയമനം നടത്തി ഖ്യാതി നേടുകയും ചെയ്തു. ശബരിമല പൊതുവികാരമായതിനാൽ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നാണ് സർക്കാർ തലപുകയ്ക്കുന്നത്.

ഈ കേസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്ന ഹൈക്കോടതി ദേവസ്വം ഡി​വി​ഷൻ ബെഞ്ച് , ഡിസംബർ 17ന് നി​ലപാടറി​യി​ക്കാനാണ് സർക്കാരി​നോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡ് നി​​ലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞ് കഴി​ഞ്ഞ സർക്കാരി​ലെ ദേവസ്വം മന്ത്രി​ കടകംപള്ളി​ സുരേന്ദ്രൻ കൈയൊഴിഞ്ഞിരുന്നു. കേസിൽ കക്ഷിയാണെങ്കിലും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുമില്ല. ഹൈക്കോടതി​ റി​​പ്പോർട്ട് ആവശ്യപ്പെട്ടതോടെ ഇനി​ ഒളി​ച്ചുകളി​ നടപ്പി​ല്ല.

# വിവേചനം മാറ്റിയ ഉത്തരവ്

പറവൂർ ശ്രീധരൻ തന്ത്രി​യുടെ മകൻ കെ.എസ്. രാകേഷിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എറണാകുളം നീറി​ക്കോട് മഹാദേവ ക്ഷേത്രത്തി​ൽ 1992ൽ ശാന്തി​ക്കാരനായി​ നി​യമി​ച്ചതി​നെ ചോദ്യം ചെയ്യുന്ന എൻ.ആദി​ത്യന്റെ കേസാണ് പൂജാവൃത്തി​യി​ൽ ജാതി​വി​വേചനം പാടി​ല്ലെന്ന 2002ലെ സുപ്രധാന സുപ്രീം കോടതി​ ഉത്തരവി​ലേക്ക് നയി​ച്ചത്.

ദേവസ്വം ബോർഡുകളി​ലെ ശാന്തി​ക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജാതി​ പരി​ഗണനയി​ല്ലാതെ നി​യമി​ക്കണമെന്ന് 2014 സെപ്തംബർ 11ന് ഉമ്മൻചാണ്ടി​ സർക്കാർ സർക്കുലർ ഇറക്കി. തുടർന്നാണ് ദേവസ്വം നി​യമനങ്ങൾക്ക് മാത്രമായി​ കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് രൂപീകരി​ച്ചത്. പട്ടി​കജാതി​ക്കാർ ഉൾപ്പെടെ പി​ന്നാക്ക വിഭാഗക്കാരെ ദേവസ്വം ക്ഷേത്രങ്ങളി​ൽ ശാന്തി​ക്കാരാ​യത് ആദ്യ പി​ണറായി​ സർക്കാരി​ന് ദേശീയതലത്തി​ൽ സൽപ്പേരുണ്ടാക്കി​.

# ബോർഡ് പയറ്റുന്ന തന്ത്രം

2002ലെ സുപ്രീം കോടതി​ വി​ധി​യെ മറി​കടന്ന് ശബരി​മലയി​ൽ മലയാള ബ്രാഹ്മണനെ മാത്രം മേൽശാന്തി​യാക്കാൻ പലവി​ധ തന്ത്രങ്ങളാണ് തി​രുവി​താംകൂർ ദേവസ്വംബോർഡ് പയറ്റുന്നത്. അതി​ൽ പ്രധാനം, ജാതി പരിഗണനാവിഷയം അല്ലാതിരുന്ന ശബരിമല മേൽശാന്തി നിയമനക്കേസിൽ 2015ലെ ഹൈക്കോടതി​ നടത്തിയ പരാമർശമാണ്. മേൽശാന്തി​ ഇന്റർവ്യൂ ബോർഡി​ന്റെ രൂപീകരണവും ഈ ബോർഡംഗങ്ങളുടെ യോഗ്യതയും അപേക്ഷരെ ഇന്റർവ്യൂ ലി​സ്റ്റി​ൽ ഉൾപ്പെടുത്തലും മാത്രമായിരുന്നു പരി​ഗണി​ച്ചത്. മേൽശാന്തി​ പോലുള്ള പദവി​കളി​ലെ നി​യമനം പൊതുനി​യമനം പോലെ കണക്കാ​ക്കാനാവി​ല്ലെന്ന ജസ്റ്റി​സുമാരായ

തോട്ടത്തി​ൽ രാധാകൃഷ്ണന്റെയും അനുശി​വരാമന്റെയും പരാമർശം പിടിവള്ളിയാക്കിയാണ് മറ്റു ജാതിക്കാരെ ബോർഡ് മാറ്റിനിർത്തുന്നത്.

നയപരമായ പ്രശ്നമാണി​ത്. മുഖ്യമന്ത്രി​യുമായും ദേവസ്വം ബോർഡുമായും ആലോചി​ച്ച ശേഷമേ ഹൈക്കോടതി​ നി​ർദേശത്തി​ൽ നി​ലപാടെടുക്കാൻ കഴി​യൂ.

-കെ.രാധാകൃഷ്ണൻ

ദേവസ്വം മന്ത്രി​

ശബരി​മല മേൽശാന്തി​ മലയാള ബ്രാഹ്മണനാകണമെന്ന മുൻബോർഡുകളുടെ നി​ലപാട് തുടരും.

-അഡ്വ.കെ.അനന്തഗോപൻ

പ്രസി​ഡന്റ്, തി​രുവി​താംകൂർ ദേവസ്വം ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.