തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലുള്ള മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ കെ. സുനിൽ കുമാറിനെ മ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചപ്പോൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി.
പ്രതിപ്പട്ടികയിലുള്ള വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. പത്തു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ.എസ്.ആർ ചട്ടപ്രകാരം ഇവരുടെ പെൻഷൻ ഭാഗികമായോ പൂർണമായോ താത്കാലികമായോ തടയാനാണ് നീക്കം. അല്ലെങ്കിൽ ബോർഡിനുണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചേക്കും.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ നേരത്തെ ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ മുരാരി ബാബുവും അസി. എൻജിനിയർ സുനിൽ കുമാറും മാത്രമാണ് നിലവിൽ സർവീസിലുള്ളവർ.
രേഖകൾ ശേഖരിച്ച്
അന്വേഷണ സംഘം
ഇന്നലെ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയ പ്രത്യേക അന്വേഷണ സംഘം ദേവസ്വം വിജിലൻസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. രേഖകളുടെയും മൊഴികളുടേയും പകർപ്പുകളും വാങ്ങി. ദേവസ്വം ബോർഡ് യോഗം ചേരുന്നതിനിടെയാണ് അന്വേഷണ സംഘമെത്തിയത്.
സ്വർണം ഉരുക്കിയത് ഹൈദരാബാദിൽ?
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ എത്തിച്ച് സ്വർണം ഉരുക്കിമാറ്റിയത് ഹൈദരാബാദിലെ 'മന്ത്ര ഗോൾഡ് കോട്ടിംഗ്സ്"എന്ന സ്ഥാപനത്തിലാണെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം. തുടർന്നാണ് ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതെന്നാണ് നിഗമനം. സ്മാർട്ട് ക്രിയേഷൻസിന്റെ ഉടമ പങ്കജ് ഭണ്ഡാരിയാണ് ഹൈദരാബാദ് സ്ഥാപനത്തിന്റെയും ഉടമ. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തമെന്നും സൂചനയുണ്ട്.
''അന്വേഷണത്തിലൂടെ സത്യം പുറത്തു വരുന്നതുവരെ ദേവസ്വം ബോർഡിനെതിരെ കുപ്രചാരണം നടത്തരുത്. തെറ്റു ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടണം
-പി.എസ്. പ്രശാന്ത്,
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |