
ശബരിമല: പന്തളം രാജപ്രതിനിധി ദർശനം നടത്തി മടങ്ങുന്നതോടെ ശബരിമലയിലെ മകരവിളക്ക് ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 5ന് നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. പന്തളത്തുനിന്നെത്തിയ സംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങും. ശേഷം രാജപ്രതിനിധി പുണർതംനാൾ പി.എൻ.നാരായണ വർമ്മ സോപാനത്തെത്തി അയ്യപ്പനെ ദർശിക്കും. പിതാവ് പുത്രനോട് യാത്രപറഞ്ഞ് മടങ്ങുന്നതായാണ് സങ്കല്പം.
തുടർന്ന് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്ര യിലാക്കി നടയടയ്ക്കും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് നടതുറക്കും. 17ന് അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |