SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.29 PM IST

സ്വർണക്കൊള്ള; സഭയിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ, വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിയമസഭയിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ. പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്‌പോര് നടന്നു. സ്വർണക്കൊള്ള സംഭവം പറഞ്ഞ് ഭരണപക്ഷത്തെ വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി പറഞ്ഞു. സ്വർണകള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.

'സഭയിൽ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്‌തോട്ടെ, മന്ത്രിമാരെ വിരട്ടാൻ വരരുത്. ഭരണപക്ഷത്തെ വിരട്ടാൻ ശ്രമിക്കേണ്ട. ഞങ്ങൾ ഓട് പൊളിച്ച് ഇറങ്ങിയവരല്ല. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വന്നവരാണ്. പ്രതിപക്ഷത്തെ നോക്കി പറഞ്ഞാൽ മതി. ഞങ്ങളോട് ഒന്നും പറയേണ്ട. സോണിയ ഗാന്ധിയുടെ അടുത്ത് പോയവരാണ് സ്വർണകള്ളന്മാർ'- ശിവൻകുട്ടി പറഞ്ഞു.

ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഗർഭഛിദ്രം നടത്തിയവരാണ് പ്രതിപക്ഷമെന്ന് ഭരണപക്ഷം പരിഹസിച്ചു. പിന്നാലെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങി​. സഭയിൽ ഉന്നയിച്ച ഗൗരവമേറിയ വിഷയം ചർച്ച ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ക്രിമിനലുകൾക്ക് അനാവശ്യമായി പരോൾ നൽകുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'ജയിലിലെ പാർട്ടി പ്രതികൾക്ക് ഫോണുണ്ട്. അവർ ജയിലിൽ ഇരുന്ന് ക്വട്ടേഷൻ ചെയ്യുന്നു. അവർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. ജയിലിൽ കിടക്കുന്ന പ്രതികൾക്ക് മദ്യം മുതൽ ഭക്ഷണം വരെ എത്തിക്കുന്നു. ഇതെല്ലാം എങ്ങനെയാണ്. കെെക്കൂലി കൊടുക്കാനുള്ള പണം അടക്കം പാർട്ടി കൊടുക്കുന്നുണ്ട്. ഈ വിഷയം നിയമസഭയിൽ പറയേണ്ട കാര്യമാണ്. എന്നാൽ അത് ചർച്ചയ്ക്ക് എടുക്കുന്നില്ല. കാരണം എന്താണ്? പ്രതികളെ സിപിഎം നേതാക്കൾക്ക് പേടിയാണ്'- വി ഡി സതീശൻ പറഞ്ഞു.

TAGS: SABARIMALA, KERALA ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY