SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.56 PM IST

ശബരിമല യുവതീപ്രവേശനം; ജാതി  -  വർഗ  വിവേചനം  അംഗീകരിക്കാനാവില്ല, എൻഎസ്എസിനെ തള്ളി ദേവസ്വം  ബോർഡ്

sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സുപ്രീംകോടതിയിൽ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർക്കൊക്കെ പ്രവേശനം നൽകാമെന്ന് ആ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ തന്നെ തീരുമാനിക്കണമെന്ന എൻഎസ്എസിന്റെ വാദത്തെയാണ് ബോർഡ് എതിർത്തത്. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു സിംഗ്‌വി എട്ട് പേജുകളുള്ള നിർണായകമായ ഒരു കുറിപ്പ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു.

പൊതുക്ഷേത്രങ്ങളിൽ ജാതിയുടെയോ വ‌ർഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിലക്കുകളും തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ജാതി - വർഗ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം ബോർഡ് എടുത്തുപറയുന്നുണ്ട്. അതുപോലെ തന്നെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ബോർഡ് വ്യക്തമാക്കുന്നു. ശബരിമലയിലെ വിഷയത്തിൽ അയ്യപ്പൻ നെെഷ്ഠിക ബ്രഹ്മചാരിയായതിനാൽ അവിടെ യുവതി പ്രവേശനത്തിനുള്ള വിലക്ക് അനിവാര്യമാണെന്നും അത് മാറ്റരുതെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച എൻഎസ്എസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സി എസ് വെെദ്യനാഥനാണ് വിവാദമായ വാദം കോടതിയിൽ ഉന്നയിച്ചത്. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ പ്രവേശന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആ വിഭാഗത്തിൽപ്പെട്ടവർ തന്നെയായിരിക്കണമെന്നായിരുന്നു വാദം. എന്നാൽ ഈ വാദത്തോട് അന്ന് തന്നെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദേവസ്വം ബോർഡും വിയോജിപ്പ് അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360