കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെതുടർന്ന് സഹകരണ സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയ വ്യാപാരി സാബു തോമസിന്റെ മാതാവും കട്ടപ്പന മുളങ്ങാശേരിയിൽ തോമസിന്റെ ഭാര്യയുമായ ത്രേസ്യാമ്മ (90) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും നാളുകളായി കിടപ്പിലായിരുന്നു. ഭാര്യയുടെയും മാതാവിന്റെയും ചികിത്സാ ആവശ്യത്തിനായിരുന്നു കട്ടപ്പന റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക സാബു ആവശ്യപ്പെട്ടിരുന്നത്. മറ്റുമക്കൾ: വത്സമ്മ, സാലി, ആലീസ്, ഫാ.തോംസൺ സി.എം.ഐ (ഉത്തരാഖണ്ഡ്), ലൈസ, ബിജുമോൻ. മരുമക്കൾ: അപ്പച്ചൻ കൊല്ലംപറമ്പിൽ, കുട്ടിച്ചൻ മുത്തനാട്ട്, ബിന്ദു പ്ലാക്കൂട്ടത്തിൽ, ബെന്നി ചൂരനോലി, മേരിക്കുട്ടി പാറയിൽ, ബാബു ഇളംതുരുത്തി, അനി വില്ലൻതാനം.
സാബുവിന്റെയും ഭാര്യ മേരിക്കുട്ടിയുടെയും പേരിൽ സൊസൈറ്റിയിൽ ഉണ്ടായിരുന്ന നിക്ഷേപം തിങ്കളാഴ്ച തിരികെ നൽകി. പലിശ ഉൾപ്പെടെ 14,59,940 രൂപയാണ് നൽകിയത്. മേരിക്കുട്ടിയുടെ ആവശ്യപ്രകാരം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം ഭരണസമിതിയംഗങ്ങൾ വീട്ടിലെത്തി രേഖകൾ കൈമാറി.
സാബുവിനെ അധിക്ഷേപിച്ച്
എം.എം. മണി
സാബുവിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ, ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും തങ്ങൾക്ക് അറിയില്ലെന്ന് എം.എം.മണി എം.എൽ.എ. കട്ടപ്പനയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ നയവിശദീകരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. സാബു പണം ചോദിച്ചുവന്നപ്പോൾ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയിൽ വയ്ക്കാൻ ശ്രമമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരുപ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി.ആർ.സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നാണ് അറിയാൻ കഴിയുന്നത്. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ടെന്നും പറഞ്ഞു.
'സജിയെ ഒരു ചുക്കും
ചെയ്യാനാകില്ല'
സാബുവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന വി.ആർ.സജിയെ പീനൽ കോഡ് അനുസരിച്ച് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. ശവം കണ്ടാൽ കെട്ടിപ്പിടിക്കാൻ ഓടുകയാണ് ഡീൻ കുര്യാക്കോസും കോൺഗ്രസും. അതിന്റെ കൂടെ ബി.ജെ.പിയും കൂടുന്നു. കട്ടപ്പനയിൽ മൃതദേഹവുമായി തെമ്മാടിത്തരമാണ് അവർ കാണിച്ചത്. സാബുവിന്റെ കുടുംബത്തിന് നൽകാനുള്ള മുഴുവൻ പണവും നൽകിയിട്ടാണ് ഈ യോഗം നടത്തുന്നതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |