തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് താൽപര്യമില്ലാത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെയാണ് നടി വിമർശിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷനും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ മന്ത്രിയുടെ മറുപടി.
'വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. മുഖ്യമന്ത്രി പ്രത്യേക താത്‌പര്യമെടുത്താണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ളേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ ഇറക്കുന്നത്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തും'- സജി ചെറിയാൻ വ്യക്തമാക്കി.
'നമുക്കിനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർത്ഥ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ'- എന്നായിരുന്നു പാർവതിയുടെ കുറിപ്പ്.
മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |