മലപ്പുറം: പാണക്കാട് ഖാസി ഫൗണ്ടേഷനിലൂടെ മഹല്ലുകളുടെ നേതൃസ്ഥാനം സമസ്തയിൽ നിന്ന് പിടിച്ചെടുക്കാനുള്ള മുസ്‌ലിം ലീഗിന്റെ കരുനീക്കം സമസ്ത - ലീഗ് പോര് വീണ്ടും കനപ്പിക്കുന്നു.
പാണക്കാട് തങ്ങന്മാർ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴിൽ സംഘടിപ്പിക്കാനെന്ന പേരിൽ തുടക്കമിട്ട ഖാസി ഫൗണ്ടേഷൻ സമസ്ത പണ്ഡിത നേതൃത്വത്തിന് ബദലാക്കാനുള്ള നീക്കമാണോയെന്ന് സമസ്ത സംശയിക്കുന്നുണ്ട്. ലീഗ് നേതാക്കളും സമസ്തയിലെ ലീഗനുകൂലികളുമാണ് ഖാസി ഫൗണ്ടേഷന്റെ നേതൃനിരയിലുള്ളത്. സമുദായത്തിന്റെ ആത്മീയ നേതൃത്വം സമസ്തയ്ക്കും രാഷ്ട്രീയ നേതൃത്വം ലീഗിനുമെന്ന അലിഖിത നയം ഖാസി ഫൗണ്ടേഷനിലൂടെയും സാദിഖലി തങ്ങൾ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസിലൂടെയും (സി.ഐ.സി) ലീഗ് ലംഘിക്കുന്നെന്ന വികാരം സമസ്തയ്ക്കുണ്ട്.
ഖാസിയാവാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്ക് യോഗ്യതയില്ലെന്ന സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിന്റെ പരസ്യ വിമർശനം ഇതിന്റെ ഭാഗമായാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാൻ ചിലരുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നു പറയേണ്ടി വരും. ആയുധങ്ങൾ കൈയിലുണ്ട്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ സഹകരിച്ചു പോവുകയാണ് ലീഗിന് നല്ലതെന്നും ഉമ്മർ ഫൈസി മുന്നറിയിപ്പേകി. സമസ്തയിലെ ലീഗ് വിരുദ്ധരുടെ ശക്തമായ പിന്തുണയിലാണ് ഈ വിമർശനം. സമസ്തയുടെ എതിർപ്പിനെ തുടർന്ന് സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച തന്റെ വിശ്വസ്തൻ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ തീരുമാനവും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്.
പിന്നിൽ സി.പി.എം:ലീഗ്
പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഇത്തരം ആളുകളെ നിലയ്ക്കു നിറുത്താൻ സമസ്ത തയ്യാറാവണം. ഉമ്മർ ഫൈസിക്ക് പിന്നിൽ സി.പി.എമ്മാണ്. സർക്കാർ ഏതോ കമ്മിറ്റിയിൽ നൽകിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമ്മർ ഫൈസിയെന്നും സലാം പറഞ്ഞു.
ഹക്കീം ഫൈസിയുടെ വിമർശനം ശരിയല്ലെന്നും തിരുത്തലിന് തയ്യാറാവണമെന്നും ലീഗനുകൂലിയും സമസ്ത നേതാവുമായ അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |