ന്യൂയോർക്ക്: നാവികന്റേത് പോലുള്ള കുപ്പായമണിഞ്ഞ് കൈയിലൊരു പാവയുമായി ഇരിക്കുന്ന ഈ പാവയെ കണ്ടില്ലേ. പേര് റോബർട്ട്. ഫ്ലോറിഡയിലെ ഈസ്‌റ്റ് മാർട്ടെല്ലോ മ്യൂസിയത്തിൽ ചെന്നാൽ റോബർട്ടിനെ കാണാം. പക്ഷേ, വെറുതെ റോബർട്ടിനെ കണ്ട് മടങ്ങരുത്. ആദ്യം റോബർട്ടിന് അഭിവാദ്യമർപ്പിച്ച ശേഷം നമ്മൾ സ്വയം പരിചയപ്പെടുത്തണം. ഫോട്ടോ എടുക്കണമെങ്കിൽ അനുവാദം ചോദിക്കുകയും മടങ്ങാൻ നേരം റോബർട്ടിനോട് യാത്ര പറയുകയും വേണം.! ഇതെല്ലാം നിരസിച്ചാലോ..? തന്നോട് അനാദരവ് കാട്ടുന്നവർക്ക് റോബർട്ട് പണി കൊടുക്കുമത്രെ..! അമാനുഷിക കഴിവുകളുള്ള റോബർട്ട് മുഖഭാവം മാറ്റുകയും ചലിക്കുകയും ചിലപ്പോഴൊക്കെ അടക്കി ചിരിക്കുകയും ചെയ്യുമത്രെ. റോബർട്ട് യൂജീൻ ഓട്ടോ എന്ന ചിത്രകാരന്റേതായിരുന്നു ഈ പാവ. ജർമനിയിലെ സ്‌റ്റെയിഫ് കമ്പനിയാണ് പാവയുടെ നിർമാതാക്കൾ എന്ന് പറയപ്പെടുന്നു. 1904ൽ ഓട്ടോയുടെ മുത്തച്ഛൻ ജർമൻ യാത്രയ്‌ക്കിടെയാണ് റോബർട്ടിനെ വാങ്ങുന്നത്. മുത്തച്ഛൻ ഓട്ടോയുടെ ജന്മദിനത്തിൽ റോബർട്ടിനെ സമ്മാനമായി നൽകി. അന്ന് മുതൽ റോബർട്ടും ഓട്ടോ കുടുംബത്തിലെ അംഗമായി. കുട്ടിയായിരിക്കെ താൻ ചെയ്‌ത കുറ്റങ്ങളെല്ലാം ഓട്ടോ റോബർട്ടിന്റെ തലയിൽ കെട്ടിവച്ചിരുന്നത്രെ. വളർന്നപ്പോൾ ഓട്ടോ ചിത്രം വരയ്‌ക്കുമ്പോൾ അരികിൽ റോബർട്ടുമുണ്ടായിരുന്നു. 1974ൽ ഓട്ടോയുടെ മരണം വരെ അത് തുടർന്നു. രണ്ടു വർഷത്തിനു ശേഷം ഓട്ടോയുടെ ഭാര്യയും മരിച്ചതോടു അദ്ദേഹത്തിന്റെ വീടും റോബർട്ട് പാവയും മറ്റ് വസ്‌തുക്കളും പലരും വാങ്ങി. ഒടുവിൽ 1994ൽ റോബർട്ട് ഈസ്‌റ്റ് മാർട്ടെല്ലോ മ്യൂസിയത്തിലെത്തി. റോബർട്ട് പ്രേതപ്പാവയാണെന്നും അസ്വാഭാവിക ശബ്‌ദങ്ങൾ ഉണ്ടാക്കുന്നത് കേട്ടിട്ടുണ്ടെന്നും അവകാശപ്പെട്ട് പാവയെ കൈവശംവച്ച ചിലർ രംഗത്തെത്തിയിരുന്നു. റോബർട്ടിന് ശാപം കിട്ടിയതാണെന്നും കഥകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |