
കൊല്ലം: മലയാളമടക്കം ലോകത്തെ എല്ലാ ഭാഷകളിൽ നിന്നും സാന്താക്ലോസിന് അയയ്ക്കുന്ന കത്തുകൾ കൈകാര്യം ചെയ്യാൻ ഒരു പോസ്റ്റ് ഓഫീസുണ്ട് ഫിൻലൻഡിൽ. മറുപടികത്തുകൾക്കൊപ്പം സമ്മാനങ്ങളുമയയ്ക്കുന്ന സാന്താക്ളോസ് പോസ്റ്റ് ഓഫീസ് ഫിൻലൻഡിലെ ലാപ്ലാൻഡിൽ 1985ലാണ് തുറന്നത്. പോസ്റ്റ് മാസ്റ്റർക്ക് സാന്താക്ളോസിന്റെ വേഷമാണ്. സാന്താക്ളോസിന്റെ സഹായികളായ എൽഫുകളുടെ വേഷമാണ് ജീവനക്കാർക്ക്.
വർഷം ഏഴ് ലക്ഷത്തിലധികം കത്തുകളാണ് കിട്ടുന്നത്. മറുപടിക്കത്തെഴുതാൻ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുണ്ട്. ഓരോ കത്തും വായിച്ച്, അതിലെ കുട്ടികളുടെ വികാരങ്ങളെയും അഭ്യർത്ഥനകളെയും വിലയിരുത്തും.
തുടർന്ന് സാന്താക്ളോസിന്റെ ഔദ്യോഗിക കൈയൊപ്പോടുകൂടിയ മറുപടി തിരിച്ചയയ്ക്കും.
സീലിന് പകരം പ്രത്യേക മുദ്ര
മറുപടി കത്തുകളിൽ സീലിന് പകരം ആർട്ടിക് സർക്കിളിന്റെ പ്രത്യേക പോസ്റ്റ് മാർക്കാണ് പതിക്കുന്നത്. ആർട്ടിക് വൃത്തം കടന്നുപോകുന്ന സാന്താക്ളോസ് വില്ലേജിൽ നിന്നാണ് കത്തയയ്ക്കുന്നത് എന്നത് സാക്ഷ്യപ്പെടുത്താനാണിത്. ആർട്ടിക് സർക്കിളിലെ തണുപ്പിനെ അതിജീവിക്കാൻ കല്ലുകളും പൈൻ മരങ്ങളും ചേർത്താണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഫിന്നിഷ് ദേശീയ തപാൽ സേവനമായ 'പോസ്റ്റി"യാണ് ഈ സാന്താക്ളോസ് മെയിൻ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
കത്തുകൾ അയയ്ക്കേണ്ട വിലാസം:
Santa Claus Main Post Office
Tähtikuja1, 96930 Arctic Circle,
Rovaniemi, FINLAND
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |