SignIn
Kerala Kaumudi Online
Saturday, 27 April 2024 5.59 AM IST

സംസ്ഥാനത്തെ കോൺഗ്രസിൽ 'നവയുഗ'ഗ്രൂപ്പിന് തരൂർ സംഘം

sasi-tharoor

തിരുവനന്തപുരം: എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പുചീട്ടാക്കി ശശി തരൂർ എം.പി പുതിയ അങ്കത്തിനിറങ്ങിയത് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. തരൂരിനെ മുന്നിൽ നിറുത്തിയാൽ കോൺഗ്രസിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കിട്ടുമെന്ന് വാദിച്ചാണ് അദ്ദേഹത്തോടൊപ്പമുള്ള കോൺഗ്രസിലെ രണ്ടാംനിര നേതാക്കൾ പുതിയ സമവാക്യത്തിന് ശ്രമമാരംഭിച്ചിരിക്കുന്നത്. സംസ്ഥാന ഔദ്യോഗിക നേതൃത്വം സംശയത്തോടെ വീക്ഷിക്കുന്ന തരൂരിന്റെ നീക്കത്തെ എ ഗ്രൂപ്പിലെ പ്രമുഖരിൽ ചിലർ പരസ്യമായും മറ്റുചിലർ രഹസ്യമായും പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. മലബാറിൽ നിന്ന് പര്യടനത്തിന് തുടക്കമിട്ട തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാഘടകം കോഴിക്കോട്ട് നിശ്ചയിച്ച മതേതര സെമിനാറിൽ നിന്ന് അവർ അവസാനനിമിഷം പിൻവാങ്ങിയത് തരൂർ അനുകൂലികൾ നേതൃത്വത്തിനെതിരായ ആയുധമാക്കിയതോടെ കോൺഗ്രസിലെ ഉൾപാർട്ടി രാഷ്ട്രീയവും ഇടവേളയ്ക്ക് ശേഷം കലങ്ങി.

യൂത്ത് കോൺഗ്രസ് പിൻമാറിയതിനെതിരെ തരൂരിന്റെ വക്താവായി നിൽക്കുന്ന കോഴിക്കോട് എം. പി എം.കെ. രാഘവൻ തുറന്നടിച്ചു. വർഗീയ ഫാസിസത്തിനെതിരെ ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടി മാറ്റിവച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാനസെക്രട്ടറി എൻ.എസ്. നുസൂർ ഹൈക്കമാൻഡിനും കെ.പി.സി.സിക്കും കത്തയച്ചു. എന്നാൽ, യൂത്ത് കോൺഗ്രസ് സെമിനാർ ഉപേക്ഷിച്ചതറിഞ്ഞിട്ടില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. കെ. സുധാകരനും എ.ഐ.സി.സി സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.സി. വേണുഗോപാലും ആരോപണം നിഷേധിച്ചു. പിൻവലിച്ചതിനെപ്പറ്റി യൂത്ത് കോൺഗ്രസിനോട് ചോദിക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്.

എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാർട്ടിക്കപ്പുറത്തേക്കുള്ള പിന്തുണ സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം നേടാനായതും വോട്ടെടുപ്പിൽ പ്രതീക്ഷയിൽ കവിഞ്ഞ നേട്ടമുണ്ടാക്കാനായതുമാണ് ശശി തരൂരിന്റെ രാഷ്ട്രീയഗ്രാഫുയർത്തിയത്. മദ്ധ്യവർഗം പിടിമുറുക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ തരൂരിന്റെ മൂല്യത്തെ കോൺഗ്രസ് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നുമുയരുന്നു. എന്നാൽ, അഖിലേന്ത്യാ, സംസ്ഥാന നേതൃത്വങ്ങൾ തരൂരിന് വേണ്ട പരിഗണന നൽകുന്നില്ലെന്ന വിചാരം തരൂർ ക്യാമ്പിൽ ശക്തമാണ്.

എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിന്റെ മാനേജർമാരായി നിന്ന എം.കെ. രാഘവനും കെ.എസ്. ശബരിനാഥനുമുൾപ്പെടെയാണ് പുതിയ നീക്കത്തിലും ഒപ്പം നിൽക്കുന്നത്. മത,സാമുദായിക നേതാക്കളെയടക്കം സന്ദർശിച്ചുള്ള സോഷ്യൽഎൻജിനിയറിംഗ് ശക്തിപ്പെടുത്തി നിലയുറപ്പിക്കാനാണ് ശ്രമം.

എ ഗ്രൂപ്പ് പ്രമുഖരും കഴിഞ്ഞ പാർട്ടി പുനഃസംഘടനയിൽ തഴയപ്പെട്ടവരുമായ നേതാക്കൾ തരൂരിന് പിന്തുണയുമായി നിൽക്കുന്നത് ഗ്രൂപ്പിന്റെ ആശീർവാദം തരൂരിനുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. കെ. മുരളീധരനെ പോലുള്ള പ്രമുഖർ തരൂരിന് പരസ്യപിന്തുണയറിയിച്ചതും ശ്രദ്ധേയമായി.

കഴിഞ്ഞ പുനഃസംഘടനയിൽ വർക്കിംഗ് പ്രസിഡന്റ് പദം ലഭിക്കാതിരുന്നതും കോഴിക്കോട്ടെ പുതിയ ഡി.സി.സി നേതൃത്വവുമായുള്ള അകൽച്ചയുമാണ് തരൂരിനെ മുൻനിറുത്തിയുള്ള പുതിയ കളികൾക്ക് എം.കെ. രാഘവനെ പ്രേരിപ്പിക്കുന്നതെന്നാണ് ഔദ്യോഗിക കോൺഗ്രസ് നേതൃത്വം കരുതുന്നത്. നഗരകേന്ദ്രീകൃതമായ മദ്ധ്യവർഗത്തിനിടയിലെ സ്വാധീനമേയുള്ളൂവെന്നും പാർട്ടി സംഘടനാതലത്തിൽ താഴേത്തട്ടിലേക്കിറങ്ങാനായിട്ടില്ലെന്നുമാണ് തരൂരിനെ എതിർക്കുന്നവരുടെ വാദം. തരൂർ വിമതപരിവേഷത്തോടെ കളത്തിലിറങ്ങിയാൽ ഗുണം ചെയ്യില്ലെന്ന് കരുതുന്നവരും കോൺഗ്രസിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASI THAROOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.