തിരുവനന്തപുരം: പെയ്തു തീരാത്ത മഴയാണ് സതീഷ് ബാബു പയ്യന്നൂരെന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ പറഞ്ഞു. സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ പുതിയ പുസ്തകമായ 'ചന്നം പിന്ന'ത്തിന്റെ പ്രകാശന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സതീഷ് ബാബുവിന്റെ ബന്ധങ്ങൾ നിർവചിക്കപ്പെട്ടിരുന്നത് സ്നേഹം കൊണ്ടാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തോട് ഇതുവരെ പൊരുത്തപ്പെടാനായില്ലെന്നും കെ. ജയകുമാർ പറഞ്ഞു. കേരളകൗമുദി വാരാന്ത്യപതിപ്പിൽ 2021 ജനുവരി 24 മുതൽ 2022 മാർച്ച് 22 വരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകമാക്കി പുറത്തിറക്കുന്നത്. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ കവി പ്രൊഫ. വി. മധുസൂദനൻ നായർ തിരക്കഥാകൃത്ത് വിനു എബ്രഹാമിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. എല്ലാവരെയും ഹൃദയത്തിൽ സൂക്ഷിച്ച വ്യക്തിയായിരുന്നു സതീഷ് ബാബുവെന്ന് കവി മധുസൂദനൻ നായർ പറഞ്ഞു. എഴുത്തുകളിൽ അതീവ ശ്രദ്ധപുലർത്തിയിരുന്ന സതീഷ് ബാബു, ജീവിതത്തെ ഒരിക്കലും നേട്ടങ്ങളുടെ പദ്ധതിയായി കണ്ടിട്ടില്ലെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് പറഞ്ഞു. എഴുത്തുകാരൻ എം. രാജീവ് കുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഭാരത് ഭവൻ നിർവാഹക സമിതി അംഗം അബ്രദിതാ ബാനർജി, പ്രദീപ് പനങ്ങാട്, നെയ്യാറ്റിൻകര സനൽ, സി. അനൂപ്, ഭാരത് ഭവൻ നിർവാഹക സമിതി അംഗങ്ങളായ ഡോ. എ. അനിൽകുമാർ, റോബിൻ സേവ്യർ, സതീഷ് ബാബു പയ്യന്നൂരിന്റെ ഭാര്യ ഗിരിജ സതീഷ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സതീഷ് ബാബു പയ്യന്നൂരിന്റെ മകൾ വർഷ സതീഷ് നന്ദി പറഞ്ഞു.
തുടർന്ന് സതീഷ് ബാബു പയ്യന്നൂരിന്റെ 'അരികിലാരോ' എന്ന ചെറുകഥയെ അവലംബിച്ച് അജിത്ത് എം. ഗോപിനാഥും, എ.കെ. ഭാനുമതിയും ഒരുക്കിയ കഥമരം തിയേറ്റർ നരേറ്റീവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |