ആലപ്പുഴ: പഠിക്കാൻ എ.സി റൂം. ക്ലാസ് മുറിയോട് ചേർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ. ബ്ലാക്ക് ബോർഡില്ല, പകരം ഡിജിറ്റൽ ബോർഡായി ഉപയോഗിക്കാവുന്ന സ്മാർട്ട് ടി.വി. ഊണുമുറിയിൽ എ.സിയും ടിവിയും... സ്മാർട്ടല്ല, സൂപ്പർ സ്മാർട്ടാണ് പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂൾ.
ഏഴാം ക്ലാസ് മുറിയാണ് ആധുനികവത്കരിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസിന്റേതാണ് ആശയം. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ആകെ 73 കുട്ടികളുള്ള സ്കൂളിൽ, ഏഴാം ക്ലാസിൽ ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും മാത്രമാണുള്ളത്. വർഷങ്ങൾക്ക് മൂമ്പ് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ, അടുത്ത വർഷം മുതൽ കൂടുതൽ കുട്ടികളെത്താൻ ആധുനികവത്കരണം ഗുണകരമാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. കൂടുതൽ ക്ലാസ് മുറികൾ ആധുനിക രീതിയിലേക്ക് മാറ്റും.
സാധാരണക്കാരുടെ മക്കൾ
പെൺകുട്ടികളിലുണ്ടാകുന്ന മൂത്രസംബന്ധമായ അണുബാധപ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയും ആശയത്തിലേക്ക് നയിച്ചു. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾക്ക് കിട്ടാവുന്നതിൽ മികച്ച സൗകര്യമാണ് പഞ്ചായത്ത് ഒരുക്കി നൽകിയതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ലിൻസി തോമസ് പറഞ്ഞു.
വീടിന്റെ അന്തരീക്ഷം സ്കൂളിലുമൊരുക്കുകയെന്ന ചിന്തയാണ് ആശയത്തിന് പിന്നിൽ. കുട്ടികളും അദ്ധ്യാപകരും സന്തോഷത്തിലാണ്.
- പി.ജി. സൈറസ്,
പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |