
തിരുവനന്തപുരം: സ്കൂൾ, കോളേജ് വിനോദയാത്രകൾ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിദ്യാഭ്യാസ സ്ഥാപന മേധാവികളെ ഓർമ്മിപ്പിച്ചു.
കുട്ടികളുടെ ജീവൻ അപകടത്തിൽപെടാതിരിക്കാൻ നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള വിനോദസഞ്ചാര യാത്രകൾ വീണ്ടും യഥേഷ്ടം നടക്കുന്നതിന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പ്.
ബസിന് അപകടം സംഭവിച്ചാൽ അത് സ്‌കൂൾ അല്ലെങ്കിൽ കോളേജ് പ്രിൻസിപ്പലിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. രാത്രിയാത്ര ഒഴിവാക്കണം, അനധികൃത ശബ്ദ, വെളിച്ച സംവിധാനങ്ങൾ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് വിനോദയാത്രകൾ നടക്കുന്നതെന്ന് ഒക്ടോബർ 29ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിച്ച ശേഷമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എച്ച്.നാഗരാജു വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് സന്ദേശം നൽകിയത്.
ബസുകളിൽ ശരിയായ എമർജൻസി എക്സിറ്റുകളോ അഗ്നി സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. നിരവധി ബസുകളിൽ നിയമവിരുദ്ധമായി സ്പീക്കറുകളും ലൈറ്റുകളും ഘടിപ്പിച്ചതായി കണ്ടെത്തി. ഇത് തീപിടിത്തങ്ങൾക്ക് കാരണമാവുകയും മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യും.
സ്‌കൂൾ / കോളേജ് അധികൃതർ ടൂറിന് ഒരു ആഴ്ച മുമ്പെങ്കിലും എം.വി.ഡിയെ അറിയിക്കണം. ഉദ്യോഗസ്ഥർ ബസ് പരിശോധിക്കുകയും വിദ്യാർത്ഥികളും ഡ്രൈവറും പാലിക്കേണ്ട നിബന്ധനകൾ വിശദീകരിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |