തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടക്കും. പുതുക്കിയ മാന്വൽ പ്രകാരമായിരിക്കും കലോത്സവം. കഴിഞ്ഞ തവണ ഉദ്ഘാടനത്തിൽ ഉൾപ്പെടുത്തിയ തദ്ദേശീയ കലാരൂപം ഇത്തവണ മത്സര ഇനമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിലും അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെയും കായികമേള നടക്കും. മേളയ്‌ക്കായി പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി.ടി.ഐ, പി.പി.ടി.ടിഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ടയിൽ നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സെപ്തംബർ 25 മുതൽ 27 വരെ കണ്ണൂരിലും, ശാസ്ത്രമേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിലും നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെ തൃശൂരിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |