
കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിത്തുനിയമം പ്രാബല്യത്തിലാകുന്നതോടെ വ്യാജവിത്ത് വിൽക്കുന്നവർക്ക് 30 ലക്ഷം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.
പാർലമെന്റ് പരിഗണിക്കേണ്ട വിത്തു ബല്ലിന്റെ കരട് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിർദ്ദേശങ്ങൾ ഡിസംബർ 11വരെ സ്വീകരിക്കും.
വിത്തുല്പാദകരും വില്പനക്കാരും നഴ്സറികളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റെടുക്കണം. വിത്തു രജിസ്റ്ററിലെ ഇനങ്ങൾ മാത്രമാണ് വിൽക്കാൻ അനുവദിക്കുക. വിത്തുകൾ ഇന്ത്യൻ മിനിമം സീഡ് സർട്ടിഫിക്കറ്റ് സ്റ്റാൻഡാർഡ്സിന് നിരക്കുന്നതാകണം. സ്വന്തം ആവശ്യത്തിന് വിത്തുത്പാദിപ്പിക്കുകയും വാങ്ങുകയും ചെയ്യുന്ന കർഷകർക്ക് നിയമം ബാധകമല്ല. വലിയ കമ്പനികളുടെ നിയമലംഘനത്തിന് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ കുടുങ്ങും.
വിത്തുവിപണി നിയന്ത്രിക്കാൻ കേന്ദ്ര സീഡ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും രൂപീകരിക്കും. കേന്ദ്രസമിതിയിൽ ചെയർമാനടക്കം 27 അംഗങ്ങളും സംസ്ഥാന സമിതിയിൽ 15 അംഗങ്ങളുമായിരിക്കും. രജിസ്ട്രാറും വിത്തിനങ്ങളുടെ ദേശീയ രജിസ്റ്ററുമുണ്ടാകും.
നിയമലംഘനങ്ങൾ പരിശോധിക്കാൻ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറെ നിയമിക്കും. പുതുവർഷത്തിൽ ബിൽ നിയമമാക്കാനാണ് ആലോചന. 1966ലെ സീഡ് ആക്ടും 1983 സീഡ്സ് (കൺട്രോൾ) ഓർഡറും ഇല്ലാതാകും.
സംസ്ഥാനങ്ങളെ അഞ്ചു സോണുകളാക്കും. കേരളവും ലക്ഷദ്വീപും അയൽ സംസ്ഥാനങ്ങൾക്കൊപ്പം ഒന്നാം മേഖലയിലാണ്.
കുറ്റവും ശിക്ഷയും
ട്രിവിയൽ: ബിസിനസ് റെക്കാഡുകൾ സൂക്ഷിക്കാത്തത്, രജി. സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തത്, പായ്ക്കറ്റിൽ ലേബൽ ഒട്ടിക്കാത്തത്, സെൻട്രൽ സീഡ് പോർട്ടലിന്റെ ക്യൂആർ കോഡ് പതിയ്ക്കാത്തത്, സർട്ടിഫിക്കറ്റ് പുതുക്കാതെ വില്പന തുടരുന്നത്
നടപടി: ക്രമപ്പെടുത്താനുള്ള നോട്ടീസ്, മൂന്നു വർഷത്തിനിടെ കുറ്റം ആവർത്തിച്ചാൽ പിഴ 50,000 രൂപ.
മൈനർ: തെറ്റിദ്ധാരണയുണ്ടാക്കുന്ന ബ്രാൻഡിംഗ്, നിലവാരം കുറഞ്ഞ വിത്തുകൾ, അമിതവില, സാഥി പോർട്ടലിൽ വിവരങ്ങൾ നൽകാത്തത്
നടപടി: ഒരു ലക്ഷം പിഴ. മൂന്നു വർഷത്തിനിടെ ആവർത്തിച്ചാൽ രണ്ടു ലക്ഷം.
മേജർ: വ്യാജ വിത്തുവില്പന, രജിസ്റ്ററിൽ ഇല്ലാത്ത ഇനങ്ങളുടെ വിപണനം. ലൈസൻസില്ലാതെ പ്രവർത്തനം.
നടപടി: 10ലക്ഷം പിഴ. 5 വർഷത്തിനിടെ ആവർത്തിച്ചാൽ 20 ലക്ഷം. മൂന്നാം വട്ടവും കുറ്റം ചെയ്താൽ 30 ലക്ഷം/ 3 വർഷം തടവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |