മറിയക്കുട്ടിയുടെ വീട് സന്ദർശിച്ചു
ഇടുക്കി: ക്ഷേമപെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് മൺചട്ടിയുമായി ഭിക്ഷയാചിച്ച
മറിയക്കുട്ടിയ്ക്കും അന്നമ്മയ്ക്കും മാസം 1600 രൂപ വീതം ആയുഷ്‌കാലം താൻ നൽകുമെന്ന് ചലച്ചിത്ര നടൻ സുരേഷ് ഗോപി. മാസം അവർക്ക് കിട്ടിക്കൊണ്ടിരുന്ന ക്ഷേമപെൻഷൻ തുകയാണിത്. ഇന്നലെ രാവിലെ അടിമാലി ഇരുന്നൂറേക്കറിലുള്ള മറിയക്കുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. എം.പിയായിരുന്ന തനിക്ക് ലഭിക്കുന്ന പെൻഷനിൽ നിന്നാണ് തുക നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് അമ്മമാരെയും ഞാനങ്ങ് എടുത്തെന്നുപറഞ്ഞ് ഇരുവരെയും സുരേഷ് ഗോപി ചേർത്ത് നിറുത്തി ആശ്വസിപ്പിച്ചു. മറിയക്കുട്ടി നന്ദി അറിയിച്ചു. 'സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ച് പോകുന്നതിൽ നന്ദിയുണ്ട്. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു'- മറിയക്കുട്ടി പറഞ്ഞു. 'അമ്മയെ ശ്രദ്ധിച്ചേക്കണേ' എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു.
പെട്രോളിന് രണ്ട് ശതമാനം സെസ് ഏർപ്പെടുത്തിയ സർക്കാർ അതുവഴി ലഭിച്ച തുക വകമാറ്റി ചെലവഴിച്ചതിനാലാണ് ക്ഷേമ പെൻഷൻ നൽകാനാവാത്തതെന്ന് സുരേഷ് ഗോപി ആരോപിച്ചു. അതിനാൽ ജനങ്ങൾ സെസ് നൽകരുത്. ക്ഷേമ പെൻഷൻ മുടങ്ങിയത് കേന്ദ്രം ഫണ്ട് നൽകാത്തതിനാലാണെന്ന വാദം തെറ്റാണ്. കൃത്യമായ കണക്ക് കേരളം നൽകാത്തതിനാലാണ് വിഹിതം കുറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |