
പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടും. ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ടു കേസാണ്. അന്വേഷണം പൂർത്തിയായിട്ടില്ല. ശ്രീകോവിലിന്റെ വാതിലിലെ സ്വർണവും കവർന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയേ എത്രത്തോളം സ്വർണം കവർന്നെന്ന് കണ്ടെത്താനാവൂ. ഇക്കാര്യങ്ങൾ എസ്.ഐ.ടി കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന 17 ന് നടത്തും.
കട്ടിളയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നെങ്കിലും എസ്.ഐ.ടി വീണ്ടും നോട്ടീസ് നൽകിയതിനാൽ പത്മകുമാർ ഇന്ന് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായേക്കും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് എസ്.ഐ.ടി പത്മകുമാറിനെ അറിയിച്ചിട്ടുണ്ട്. കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്റെ അറിവോടെയെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. എട്ടാം പ്രതിയാണ് ബോർഡ്. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്.
ഫയൽ കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
2019ൽ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മിഷണർ ആയിരിക്കെ ആ ഓഫീസിലെ സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെതിരെയാണ് നടപടി.
ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്.
ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോൺ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ ഉണ്ടെന്ന് വിജിലൻസ് എസ്.പി തിരിച്ചറിഞ്ഞത്. നിർബന്ധിത അവധിയിൽ പോകാൻ എസ്.പി നിർദേശിക്കുകയായിരുന്നു. പിന്നാലെയാണ് സ്ഥലംമാറ്റം. സ്വർണം 'ചെമ്പാക്കിയ ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നെന്നാണ് എസ്.ഐ.ടി പറയുന്നത്
ശബരിമല സ്വർണക്കൊള്ള:
എഫ്.ഐ.ആറിനായി
ഇ.ഡി ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ മുദ്രവച്ച പകർപ്പ് കൈമാറണമെന്ന ആവശ്യം നിഷേധിച്ച റാന്നി മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചു.
സ്വർണക്കൊള്ളയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലായതിനാലാണ് മജിസ്ട്രേറ്റ് കോടതി ഇ.ഡിയുടെ ആവശ്യം തളളിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിനാണ് പകർപ്പെന്ന് ഇ.ഡി കൊച്ചി സോണൽ ഓഫീസ് നൽകിയ ഹർജിയിൽ വിശദീകരിച്ചു. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |