കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ചു കൊന്ന കേസിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും പ്ളസ് വൺ പ്രവേശനം നേടി. മൂന്നുപേർ താമരശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലും ഒരാൾ സെന്റ് ജോസഫ് എച്ച്‌എസ്‌എസിലും മറ്റൊരാൾ ഗവൺമെന്റ് വിഎച്ച്‌എസ്‌എസ് കുറ്റിച്ചിറയിലുമാണ് പ്രവേശനം നേടിയത്. താമരശേരിയിൽ രണ്ട് വിദ്യാർത്ഥികൾ താത്‌കാലികമായും ഒരാൾ സ്ഥിരപ്രവേശനവുമാണ് നേടിയത്.
തൃപ്തികരമല്ല എന്ന സ്വഭാവ സർട്ടിഫിക്കറ്റ് റിപ്പോർട്ട് ആണ് സ്‌കൂൾ അധികൃതർ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് നൽകിയതെങ്കിലും ഇക്കാരണത്താൽ പ്രവേശനം നിഷേധിക്കാനാവില്ല എന്ന നിർദേശമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്‌കൂളിന് ലഭിച്ചത്. ഇതിനെത്തുടർന്നാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചത്. പ്രവേശനം നേടാനായി പൊലീസ് അകമ്പടിയോടെ കുട്ടികളുമായി എത്തിയ വാഹനം കെഎസ്‌യു, എംഎസ്‌എഫ് പ്രവർത്തകർ തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രവേശനത്തിനുശേഷം കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ തിരികെ എത്തിച്ചു.
അഞ്ച് പ്രതികൾക്കും നേരിട്ടോ ഓൺലൈനായോ പ്രവേശനത്തിനായി ഹാജരാകാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തടവിൽ ഇളവ് നൽകുകയും ചെയ്തു. ഇവരെ നേരിട്ട് സ്കൂളിൽ എത്തിക്കാൻ മതിയായ സംരഷണം നൽകണമെന്ന് താമരശേരി എസ്.എച്ച്.ഒയോടും ഒബ്സർവേഷൻ ഹോം സൂപ്രണ്ടിനോടും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |