കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ സമ്പൂർണ നിർമ്മിതബുദ്ധി (എ.ഐ) അധിഷ്‌ഠിത ഐ.ടി നഗരം നിർമ്മിച്ച്, രണ്ടുലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്ക്. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായാണിത്. 20 ദശലക്ഷം ചതുരശ്രയടി വിസ്‌തൃതിയിലാകും ഐ.ടി മന്ദിരങ്ങൾ നിർമ്മിക്കുക. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഒരു വർഷത്തിനകം നിർമ്മാണം തുടങ്ങും. ബംഗളൂരുവിൽ പ്രഖ്യാപിച്ച 2,000 ഏക്കറിലെ എ.ഐ സിറ്റിക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഐ.ടി കമ്പനികൾക്കൊപ്പം ഭവന, വിദ്യാഭ്യാസ, വാണിജ്യ, ആരോഗ്യ മേഖലകളുമുണ്ടാകും. വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തിയായാലേ ചെലവ് ഉൾപ്പെടെ വ്യക്തമാകൂ. വിശാലകൊച്ചി വികസന അതോറിട്ടിയുമായി ചേർന്ന് ലാൻഡ് പൂളിംഗ് രീതിയിൽ സ്ഥലം കണ്ടെത്താൻ ഇൻഫോപാർക്കിന് സർക്കാർ അനുമതി നൽകിയിരുന്നു.
ഇൻഫോപാർക്കിനോട് ചേർന്നുകിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി വിനിയോഗിക്കുക. നാലാംഘട്ടം മുന്നിൽക്കണ്ട് മൊത്തം 500 ഏക്കർ കണ്ടെത്തണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.
സർവ നിയന്ത്രണവും
നിർമ്മിത ബുദ്ധിയിൽ
1. എ.ഐ അധിഷ്ഠിത കമ്പനികളാകും ഐ.ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ ഗതാഗതം, വെളിച്ചം തുടങ്ങി സകലതും എ.ഐ നിയന്ത്രിതമായിരിക്കും
2. ബഹുനില ഐ.ടി മന്ദിരങ്ങൾ, അപ്പാർട്ടുമെന്റുകൾ, വീടുകൾ, വാണിജ്യ, വ്യാപാരമന്ദിരങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ എന്നിവയടക്കം ഉണ്ടാകും
സ്ഥലം കണ്ടെത്തുക
ലാൻഡ് പൂളിംഗിലൂടെ
ഒരു പ്രദേശത്തെ ഉപയോഗമില്ലാതെ കിടക്കുന്ന വിവിധ ഉടമകളുടെ ഭൂമി ഒരുമിച്ച് ശേഖരിക്കുന്ന രീതി. തുടർന്ന് ഒരുമിച്ച് വികസനം നടത്തിയശേഷം അതിന്റെ നിശ്ചിതഭാഗം ഉടമകൾക്ക് തിരിച്ചുനൽകും. വിപണിമൂല്യം പതിന്മടങ്ങ് വർദ്ധിക്കുമെന്നതിനാൽ ഉടമകൾക്ക് ഗുണകരമാകും.
ഇൻഫോപാർക്കിന്റെ മൂന്നും നാലും ഘട്ടങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ ലോകം ഉറ്റുനോക്കുന്ന ഐ.ടി ഹബ്ബായി കൊച്ചി മാറും.
-പിണറായി വിജയൻ, മുഖ്യമന്ത്രി
പരിസ്ഥിതിസൗഹൃദമാകും മൂന്നാംഘട്ടത്തിലെ മുഴുവൻ നിർമ്മാണങ്ങളും.
-സുശാന്ത് കുറുന്തിൽ,
സി.ഇ.ഒ, ഇൻഫോപാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |