തിരുവനന്തപുരം: കറുപ്പിന്റെ സൗന്ദര്യം അറിയാതെ പോയത് ഒരു നഷ്ടമാണെന്ന് തോന്നിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. നമ്മൾ കരുതുന്നതിനും അപ്പുറമാണ് കറുപ്പും വെളുപ്പും എന്ന വിവേചനമെന്നും അവർ പറഞ്ഞു. സ്വന്തം മക്കൾ കറുത്ത് പോയാൽ എല്ലാം തീർന്നുവെന്ന് കരുതുന്നവരും ഉണ്ടെന്ന് ശാരദാ മുരളീധരൻ കൂട്ടിച്ചേർത്തു. കിർത്താട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. സാമൂഹ്യ നീതിയുടെ ഗോത്ര ജീവിതം എന്ന സംവാദ പരിപാടിയിലാണ് ശാരദാ മുരളീധരൻ സംസാരിച്ചത്.
നിറത്തിന്റെ പേരിൽ നേരിട്ട അപമാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ശാരദാ മുരളീധരൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. അത് വലിയ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ശാരദാ മുരളീധരൻ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കറുപ്പ് വെളുപ്പ് എന്ന വിവേചനം അനുഭവിച്ചെന്ന് ഒരുപാട് പേർ പോസ്റ്റിനു പിന്നാലെ എന്നോട് പറഞ്ഞു. കറുപ്പും വെളുപ്പുമെന്ന വിവേചനം നേരിട്ടു. ഈ ചിന്താഗതി പൊളിച്ചെഴുതണം. പോസ്റ്റിൽ സൂചിപ്പിച്ച സംഭവത്തിൽ മാനസിക വിഷമം തോന്നി. ഒരു വിഷമം ഉണ്ടാകുമ്പോൾ ആദ്യം നീറുകയും പിന്നീട് അതിജീവിക്കുകയും മറക്കുകയും ചെയ്യാറാണ് പതിവ്. അതിനോട് പൊരുത്തപ്പെട്ട് പോയാൽ പിന്നീട് ഓർക്കാറുപോലുമില്ല. നിങ്ങൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ടാണ് ഓർക്കുന്നതെന്നും ശാരദാ മുരളീധരൻ പറഞ്ഞു.
തന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെക്കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെക്കുറിച്ച് ശാരദാ മുരളീധരൻ പോസ്റ്റിൽ തുറന്നുപറഞ്ഞിരുന്നു. കറുപ്പെന്ന നിറത്തിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണ്. കറുപ്പ് അത്രയും മനോഹരമായ നിറമാണ്. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നത്. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് അത്. എന്നെ വീണ്ടും ഗർഭപാത്രത്തിലെത്തിച്ച് വെളുത്ത സുന്ദരിയായി തിരികെ കൊണ്ടുവരാൻ പറ്റുമോ എന്നായിരുന്നു നാല് വയസ് പ്രായമുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചത്. മതിയായ നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വർഷമായി ഞാൻ ജീവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |