
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല, പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്ന് കുറയ്‌ക്കും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു. പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റും.
തന്റെ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളു. അതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കണമെന്നാണ് പൾസർ സുനി കോടതിയോട് അപേക്ഷിച്ചത്. രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ കരഞ്ഞു. ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല നിരപരാധിയാണെന്നാണ് മാർട്ടിൻ ആവർത്തിച്ചത്. ചെയ്യാത്ത തെറ്റിന് അഞ്ചര വർഷം ജയിലിൽ കഴിഞ്ഞു. തന്റെ പേരിൽ ഒരു പെറ്റി കേസുപോലുമില്ല വാർദ്ധക്യ സഹചമായ അസുഖങ്ങളുള്ള അച്ഛനും അമ്മയുമുണ്ട് താൻ ജോലിക്ക് പോയിട്ട് വേണം കുടുംബം നോക്കാനെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് മൂന്നാം പ്രതി മണികണ്‌ഠനും പറഞ്ഞത്. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും ഇയാൾ പറഞ്ഞു. ഒമ്പത് വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ടെന്നും ഇയാൾ പറഞ്ഞു.
തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശേരിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് നാലാം പ്രതി വിജീഷ് കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നാണ് അഞ്ചാം പ്രതി സലീം പറയുന്നത്. തനിക്ക് ഭാര്യയും മകളുമുണ്ട് അവർക്ക് മറ്റാരുമില്ലെന്നും സലീം പറഞ്ഞു. ആറാം പ്രതി പ്രദീപും ഇത്തരത്തിൽ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്. പ്രദീപും കോടതിയിൽ കരഞ്ഞു.

പൾസർ സുനി അടക്കമുള്ള മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, പീഡിപ്പിച്ചത് പൾസർ സുനി മാത്രമല്ലേ, അപ്പോൾ മറ്റ് പ്രതികൾക്കും അതേ ശിക്ഷ തന്നെ എങ്ങനെ നൽകും കുറ്റത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ നൽകേണ്ടതെന്നും കോടതി ചോദിച്ചു. എല്ലാവരും ഒരേ രീതിയിൽ കുറ്റത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ ഏഴര വർഷം തടവുശിക്ഷ അനുഭവിച്ചെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റ ആവശ്യം. നിർഭയ കേസിന് സമാനമായ രീതിയിലല്ല ഈ കേസ് അതിനാൽ ശിക്ഷ കുറയ്‌ക്കണമെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, സുനി ഗൗരവകരമായ കുറ്റമാണ് ചെയ്‌തതെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം. ഒരു സ്‌ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. സുനിയുടെ ക്രിമിനൽ പശ്ചാത്തലവും കോടതി പരിശോധിച്ചു.
പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതേവിട്ടിരുന്നു.
കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പൾസർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതൽ ആറുവരെ പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |