പത്തനംതിട്ട: കടമ്മനിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. കടമ്മനിട്ട സ്വദേശിയായ ശാരികയാണ് കൊല്ലപ്പെട്ടത്. അയൽവാസിയും ആൺസുഹൃത്തുമായിരുന്ന സജിൽ ആണ് പ്രതി. കൂടെ ഇറങ്ങിച്ചെല്ലാൻ വിസമ്മതിച്ചതിന് ശാരികയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകണം.
ശാരികയുടെ മരണമൊഴിയും കൊലപാതകത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പ്രോസിക്യൂട്ടർ ഹരിശങ്കർ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.
2017 ജൂലായ് 14ന് വൈകിട്ടാണ് ശാരികയെ സജിൽ ആക്രമിച്ചത്. സജിലിന്റെ ഉപദ്രവം സഹിക്കാനാകാതെ ശാരിക ബന്ധുവീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ഇവിടെയെത്തിയ സജിൽ തന്റെയൊപ്പം വരണമെന്ന് ശാരികയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെത്തുടർന്ന് മുത്തച്ഛന്റെ മുന്നിൽവച്ച് ശാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്‌ടർ മാർഗം കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയിലായിരിക്കെ ജൂലായ് 22നാണ് പെൺകുട്ടി മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |