ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിന്റെ ചുവടുപിടിച്ച് ഇംഗ്ളണ്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഹാർമണി- 2025 ന് നാളെ അരങ്ങുണരുകയാണ്. ശ്രീനാരായണ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ശിവഗിരി മഠവും മഠത്തിന്റെ യു.കെയിലെ അഫിലിയേഷൻ സെന്ററും ചേർന്നാണ് മൂന്നു ദിവസത്തെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ഗുരുദേവ ദർശനം മലയാളികളല്ലാത്ത ജനവിഭാഗങ്ങൾക്കിടയിൽ എത്തിക്കുവാൻ ശ്രീനാരായണ ഗുരു ഹാർമണി- 2025 പ്രയോജകീഭവിക്കുമെന്നാണ് സംഘാടക സമിതിയുടെ വിശ്വാസം.
ഗുരുദേവൻ ഏകലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനാണ്. ധർമ്മ സംസ്ഥാപനാർത്ഥം മനുഷ്യരുടെ ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതിക്കായി ഗുരുദേവൻ ജീവിതം സമർപ്പിച്ചു. ഒരൊറ്റ ലോകം, ഒരൊറ്റ ജനത ഒരൊറ്റ നീതി- ഇതാണ് ഗുരുദർശനം. ഈ ദർശനത്തിന്റെ വെളിച്ചത്തിൽ ശ്രീനാരായണഗുരു 73 വർഷത്തെ ദിവ്യജീവിതം നയിച്ചു. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി എഴുപത്തിയഞ്ചോളം കൃതികൾ രചിച്ചു. ഈ കൃതികളിലെല്ലാം ശ്രീനാരായണഗുരു വിഭാവനം ചെയ്യുന്ന ഏകലോകദർശനം കാണാനാകും.
ശിവഗിരി മഠം കേന്ദ്രമാക്കി ശ്രീനാരായണ ധർമ്മസംഘം എന്ന സന്യാസിസംഘം ഗുരു സ്ഥാപിച്ചത് 1928-ലാണ്. ശിവഗിരി മഠത്തിന്റെ ഭരണനിർവഹണത്തിനു വേണ്ടി സ്ഥാപിച്ച ധർമ്മസംഘത്തിന്റെ നിയമാവലിയും ഗുരുദേവൻ നിർമ്മിച്ചുകൊടുത്തു. അതിലൊന്ന്, ദേശം തോറും ആശ്രമങ്ങളും മഠങ്ങളും സഭകളും സ്ഥാപിക്കുക എന്നുള്ളതായിരുന്നു. ശിവഗിരി, അരുവിപ്പുറം, കുന്നുംപാറ, കാഞ്ചീപുരം, മദ്രാസ്, മധുര, പെരിങ്ങോട്ടുകര തുടങ്ങി ദേശത്തിന്റെ നാനാഭാഗങ്ങളിലായി ഗുരുദേവൻ മഠങ്ങൾ സ്ഥാപിച്ചു. ഈ ശ്രീനാരായണ മഠങ്ങൾ ഗുരുദേവന്റെ ഏക ലോക ദർശനത്തിന്റെ സാക്ഷാത്കാരത്തിനായി നിലകൊള്ളുന്നു.
ശ്രീനാരായണ ധർമ്മസംഘമാണ് മഠങ്ങളുടെ ഭരണച്ചുമതല നിർവഹിക്കുന്നത്. മഠത്തിനു കീഴിൽ ദേശം തോറും ഗുരുധർമ്മ പ്രചാരണ സഭയും പോഷകസംഘടനയായി ഗുരുദേവന്റെ നിർദ്ദേശപ്രകാരം ശിവഗിരി മഠത്തിൽ രൂപം പ്രാപിച്ചു. ഇപ്പോൾ ഗുരുധർമ്മ പ്രചാരണ സഭയ്ക്ക് 2500-ൽ അധികം യൂണിറ്റുകൾ ഭാരതത്തിനകത്തും പുറത്തുമായി ഉണ്ട്. ധർമ്മസംഘത്തിനു കീഴിൽ എല്ലാ ദേശങ്ങളിലും ആശ്രമങ്ങളും മഠങ്ങളും ഉണ്ടാകണമെന്നത് ഗുരുവിന്റെ മഹിത സങ്കല്പമായിരുന്നു. അതോടൊപ്പം വിദ്യാലയങ്ങളും ഗുരുധർമ്മ പ്രചാരണ സഭകളും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകമായി സ്ഥാപിതമായിരിക്കൊണ്ടിരിക്കുന്നു.
ഈ ഉപദേശം സ്വീകരിച്ചുകൊണ്ട് യു.കെയിലെ ഗുരുദേവ ഭക്തന്മാർ സംഘടിച്ച് ശിവഗിരി മഠവുമായി ചേർന്ന് ഈയടുത്ത കാലത്ത് ശിവഗിരി ആശ്രമം ഒഫ് യു.കെ എന്ന ആത്മീയ സ്ഥാപനം പടുത്തുയർത്തി. ശിവഗിരി മഠത്തിന്റെ അഫിലിയേഷൻ സെന്ററായി ഈ ആശ്രമം ഇന്ന് പ്രവർത്തിക്കുകയാണ്. ഈ ആശ്രമത്തിൽ ഗുരുവിന്റെ പ്രതിഷ്ഠയും ആരാധനയുമുണ്ട്. ഗുരുദേവ കൃതികളുടെ പഠന ക്ലാസുകളും പൂജകളും നടത്തുന്നുണ്ട്. ഭക്തജനങ്ങൾ വന്ന് ദർശനം ചെയ്യുന്നുണ്ട്. ആഴ്ചയിലൊരിക്കൽ സത്സംഗങ്ങൾ കൂടാറുണ്ട്. വിശാലമായ ഹാളും വിശ്രമ മന്ദിരങ്ങളും പ്രാർത്ഥനാ ഹാളും ഇതിൽ സജ്ജമാക്കിയിട്ടുമുണ്ട്.
രണ്ടുവർഷം മുമ്പ് ശിവഗിരി മഠം ഭാരവാഹികളും സംന്യാസിവര്യന്മാരും മറ്റും യു.കെ സന്ദർശിച്ചിരുന്നു. ഇങ്ങനെയൊരു ആശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് അന്നു നടന്ന ചർച്ചകൾക്കിടെ, 2025-ൽ ഞങ്ങൾ ഒരു ആശ്രമം സ്ഥാപിക്കുമെന്ന് ബൈജു പാലക്കലിന്റെ നേതൃത്വത്തിൽ ഒരു സംഘം ഗുരുഭക്തർ അവിടെ പ്രഖ്യാപനം ചെയ്തു. എന്നാൽ,ധർമ്മസംഘം പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അതിനെ തിരുത്തിക്കൊണ്ട് ഒരു പ്രഖ്യാപനം നടത്തി- ഒരു വർഷത്തിനകം ഇവിടെ ആശ്രമം സംസ്ഥാപനം ചെയ്യപ്പെടും! അതുപ്രകാരം, ഗുരുദേവന്റെ കരുണാകടാക്ഷം എന്നു പറയട്ടെ , കൃത്യം ഒരുവർഷം പൂർത്തിയായപ്പോൾ ആശ്രമം സ്ഥാപിക്കുവാൻ യു.കെയിലെ ഗുരു ഭക്തന്മാർക്ക് സാധിച്ചു.
ഗുരുധർമ്മ പ്രചാരണ സഭയുടെയും, സേവനം എന്ന ഗുരുധർമ്മ പ്രസ്ഥാനത്തിന്റെയും വിശ്രമമില്ലാത്ത പ്രവർത്തനം കൊണ്ടാണ് ഉദ്ദേശം അഞ്ചുകോടി രൂപ ചെലവിൽ ആശ്രമം സ്ഥാപിക്കാനായത്. സിബി കുമാർ, ലണ്ടൻ ആണ് ഇക്കാര്യത്തിൽ മുഖ്യപങ്ക് വഹിച്ചത്. എല്ലാ വർഷവും ആശ്രമത്തിൽ ഗുരുവിനെക്കുറിച്ചുള്ള പഠനത്തിനു വേണ്ടി കൺവെൻഷനുകളും ആത്മീയ പ്രഭാഷണങ്ങളും നടത്താറുണ്ട്. ഈ വർഷം ശ്രീനാരായണഗുരു ഹാർമണി- 2025 എന്ന പേരിൽ, അതിവിപുലമായ സജ്ജീകരണങ്ങളോടെയാണ് മേയ് 2,3,4 തീയതികളിലായി മഹത്തായ ഈ ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.
ഗുരുവിനെ സംബന്ധിച്ചുള്ള തത്വദർശനം ജനഹൃദയങ്ങളിൽ എത്തിക്കുവാൻ ഈ കൂട്ടായ്മ സഹായകമായിത്തീരുമെന്നാണ് ഞങ്ങളുടെ പ്രത്യാശ. ദേശംതോറും ആശ്രമങ്ങൾ സ്ഥാപിച്ച് ഗുരുദർശന പ്രചാരണം വ്യാപകമായി നിർവഹിക്കുവാൻ ശിവഗിരി മഠവുമായി സഹകരിക്കുവാൻ ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തരോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്യുന്ന ഏകലോക ദർശനത്തിന്റെ സംസ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ധർമ്മഭടന്മാരായി ഓരോരുത്തരും മാറണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ ത്രിദിന കൺവെൻഷനിലേക്ക് ഏവർക്കും സുസ്വാഗതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |