
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) മാറ്റിവയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി. ഈ ഘട്ടത്തിൽ ഇടപെട്ടാൽ എസ്.ഐ.ആറിനെ ബാധിക്കുമെന്നും ആ നടപടിയും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്നും ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ പറഞ്ഞു. ഹർജിയിൽ ഇന്ന് ഉത്തരവ് ഉണ്ടാകും.
രണ്ട് ദൗത്യത്തിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും എതിർത്തു.
12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഇതിനൊപ്പം വരുന്ന സവിശേഷ സാഹചര്യം കേരളത്തിൽ മാത്രമാണെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഭടന്മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കുന്നതിന് 25,668 ഉദ്യോഗസ്ഥരെ വേറെയും നിയോഗിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഇതിന്റെ ഇരട്ടി വേണ്ടിവരും. ഇത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാദ്ധ്യതയാണ്. എസ്.ഐ.ആർ അടിയന്തര സ്വഭാവമുള്ളതല്ലെന്നും എ.ജി. പറഞ്ഞു.
ഹൈക്കോടതിക്ക് അധികാരപരിധിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഇവിടെ നിന്ന് നിയന്ത്രിക്കുന്നത് അനുചിതമാകുമെന്ന് ഹൈക്കോടതി പറഞ്ഞു.
ഗെയിം പ്ളാനെന്ന്
തിര. കമ്മിഷൻ
എസ്.ഐ.ആർ മുടക്കാനുള്ള കേരള സർക്കാരിന്റെ ഗെയിംപ്ലാനിന്റെ ഭാഗമാണ് ഹർജിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപിച്ചു. ഇത്തരം ആവശ്യങ്ങളുമായി പല സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ മാറ്റിവച്ചാൽ, നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായെന്ന കാരണത്താൽ വീണ്ടും മുടക്കും. നിലവിൽ തിരഞ്ഞെടുപ്പു നടപടികളും എസ്.ഐ.ആറും സുഗമമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര, സംസ്ഥാന കമ്മിഷനുകൾ ഏകോപനത്തോടെയാണ് നീങ്ങുന്നത്. വീടുകളിൽ എന്യൂമറേഷൻ ഫോം എത്തിക്കുന്ന നടപടി 10 ദിവസം കൊണ്ട് 55 ശതമാനം പൂർത്തിയായി. തിരഞ്ഞെടുപ്പിന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. കരട് പട്ടിക ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കേണ്ടതാണെന്നും കമ്മിഷൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |