
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദർശനം കാലാതിവർത്തിയാണെന്നും ഭാരതം ലോകത്തിന് നൽകിയ മഹാപുരുഷനാണ് ശ്രീനാരായണഗുരുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
തലമുറകളെ മനുഷ്യത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ച ഗുരുതത്വങ്ങൾ ലോകം നേരിടുന്ന സംഘർഷങ്ങൾക്ക് പരിഹാരമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു നാരായണഗുരു. അന്ധവിശ്വാസത്തിലൂടെയല്ല, അറിവിലൂടെയും അനുകമ്പയിലൂടെയുമാണ് ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടുകയെന്ന് അദ്ദേഹം പഠിപ്പിച്ചു.
രാജ്യത്തെ സാമൂഹ്യ, ആത്മീയ അന്തരീക്ഷത്തെ സ്വാധീനിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ഗുരു. ആത്മശുദ്ധി, ലാളിത്യം, സാർവത്രികസ്‌നേഹം എന്നിവയ്ക്ക് ശ്രീനാരായണഗുരു ഊന്നൽ നൽകി. അദ്ദേഹം സ്ഥാപിച്ച നിരവധി ക്ഷേത്രങ്ങളും സ്‌കൂളുകളും സാമൂഹ്യസ്ഥാപനങ്ങളും തലമുറകൾക്ക് സാമൂഹ്യ ഉന്നതി യാഥാർത്ഥ്യമാക്കി.
അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾ സാക്ഷരത, സ്വയം പര്യാപ്തത, നൈതികമൂല്യങ്ങൾ എന്നിവ നേടുന്നതിന് അദ്ദേഹം പ്രോത്സാഹനമേകി. മനുഷ്യജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള അഗാധമായ അറിവാണ് ഗുരുദേവന്റെ കൃതികളിൽ പ്രതിഫലിക്കുന്നത്. ഏവരെയും നിസ്വാർത്ഥമായി സേവിക്കാനും അവരിൽ ദൈവികത ദർശിക്കാനും നമുക്കു കഴിയുമ്പോഴാണ് ഗുരുദർശനം സാദ്ധ്യമാകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
ശിവിഗിരി തീർത്ഥാടന ഹാളിൽ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തി. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, അടൂർപ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
ഗുരുപൂജ പ്രസാദം
മുർമുവിന് ഉച്ചഭക്ഷണം
ശിവഗിരി മഠത്തിലെ സ്വാമിമാർ ഗുരുപൂജ പ്രസാദം കഴിക്കാൻ ക്ഷണിച്ചപ്പോൾ രാഷ്ട്രപതി സ്നേഹപൂർവം സ്വീകരിച്ചു. പ്രസാദമായിരുന്നു രാഷ്ട്രപതിയുടെ ഉച്ചഭക്ഷണം. നേരത്തേ, മഹാസമാധിയിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ച ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് നീങ്ങിയത്. ഉച്ചയ്ക്ക് 12ന് ഹെലികോപ്‌ടറിൽ വർക്കല ഹെലിപ്പാഡിലിറങ്ങിയ ദ്രൗപദി മുർമു റോഡ് മാർഗമാണ് ശിവഗിരയിലെത്തിയത്. സ്വാമി സച്ചിദാനന്ദയും ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |