SignIn
Kerala Kaumudi Online
Saturday, 20 April 2024 3.02 AM IST

സ്മാർട്ട് മീറ്ററിൽ രാഷ്ട്രീയക്കുരുക്ക്, 12000 കോടി കേന്ദ്ര സഹായം ഇലക്ട്രിസിറ്റി ബോർഡിന് നഷ്ടമായേക്കും

smart-meter

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ പദ്ധതിക്ക് സർക്കാരും, ഇടതു യൂണിയനുകളും രാഷ്ട്രീയ കുരുക്കിട്ടതോടെ, 12200 കോടിരൂപയുടെ കേന്ദ്രസഹായം സംസ്ഥാനത്തിന് നഷ്ടമായേക്കും. ഇക്കാര്യത്തിൽ 15ന് മുമ്പ് തീരുമാനമറിയിക്കണമെന്നാണ് കേന്ദ്രത്തിന്റെ അന്ത്യശാസനം

പദ്ധതി വേണ്ടെന്നാണ് തീരുമാനമെങ്കിൽ പ്രാരംഭ പ്രവർത്തനത്തിനായി വാങ്ങിയ 67 കോടിരൂപ ഉടൻ തിരിച്ചടയ്ക്കണം. അടുത്ത വർഷം ഡിസംബറിന് മുമ്പ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നതിന് ജനുവരിയിൽ ടെൻഡർ നടപടിയും സ്വീകരിക്കുകയും വേണം. അല്ലെങ്കിൽ വൈദ്യുതി മേഖലയുടെ നവീകരണത്തിനുള്ള പദ്ധതി തടസ്സപ്പെടും. തിരിച്ചടക്കേണ്ടാത്ത 15% തുകയുൾപ്പെടെ 8200 കോടിയുടെയും, വിതരണ നഷ്ടം കുറയ്ക്കാനുള്ള 4000 കോടിയുടെയും കേന്ദ്ര സഹായമാണ് നഷ്ടപ്പെടുക.

കേന്ദ്രപദ്ധതിയോടുള്ള രാഷ്ട്രീയ എതിർപ്പാണ് പ്രശ്നം. കേന്ദ്രപദ്ധതി അതേപടി നടപ്പാക്കാതെ, നിലവിലുള്ള മീറ്ററുകളിൽ പ്രീ പെയ്ഡ്, ഡിസ്കണക്ഷൻ,റീകണക്ഷൻ സംവിധാനം ഉൾപ്പെടുത്തി കെ.എസ്.ഇ.ബിയുടെ കേന്ദ്ര സെർവറിലേക്ക് കെഫോൺ ശൃംഖലവഴി ബന്ധിപ്പിക്കണമെന്ന ബദൽ നിർദ്ദേശമാണ് ഇടതു യൂണിയനുകളുടേത്. കേന്ദ്രം നിർദേശിക്കുന്നത് പോലെ ഒരു ഇംപ്ളിമെന്റിംഗ് ഏജൻസിക്ക് നടത്തിപ്പ് കരാർ നൽകേണ്ടെന്നും അവർ വാദിക്കുന്നു. സ്മാർട്ട്മീറ്റർ പദ്ധതി ഉപഭോക്താക്കൾക്ക് വൻ ബാധ്യതയും, ബോർഡിന് 7830 കോടിയുടെ അധികബാധ്യതയും വരുത്തും. പദ്ധതി നടപ്പാക്കാൻ വൈദ്യുതിബോർഡിലെ വിതരണവിഭാഗം ഡയറക്ടർക്ക് വ്യക്തി താത്പര്യമുണ്ടെന്നും യൂണിയനുകൾ ആരോപിക്കുന്നു. വിശദ ചർച്ചകൾക്ക് ശേഷമേപദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിമും, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും മുഖ്യമന്ത്രിക്ക് കത്തു നൽകി. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനുമായി ധാരാണപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊർജ്ജ വകുപ്പ് സെക്രട്ടറിയും ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ചർച്ച ഇതോടെ തീരുമാനമാകാതെ പിരിഞ്ഞു.

എന്നാൽ ,കേന്ദ്ര വൈദ്യുതി നിയമത്തിലെ ഇലക്ട്രിസിറ്റി റൈറ്റ്സ് ഒഫ് കൺസ്യൂമേഴ്സ് ചട്ടങ്ങളനുസരിച്ച് സംസ്ഥാനം സ്മാർട്ട്മീറ്റർ പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്ര നിലപാട്. മാത്രമല്ല, ഈ പദ്ധതി നിരസിച്ചാൽ വൈദ്യുതിമേഖലയുടെ സമഗ്രവികസനത്തിന് സംസ്ഥാനം സമർപ്പിച്ച 11000 കോടിയുടെ അഞ്ചു വർഷത്തേക്കുളള പദ്ധതി കേന്ദ്രം നിരസിക്കുമെന്ന ആശങ്കയും വൈദ്യുതിവകുപ്പിനുണ്ട്.

സ്മാർട്ട് മീറ്റർ

ആർ.ഡി.എസ്.എസ് കേന്ദ്രപദ്ധതിപ്രകാരം 8200 കോടിരൂപാ ധനസഹായമുപയോഗിച്ച് 2025 ഓടെ സംസ്ഥാനത്തെ ഒന്നേ കാൽകോടി ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടമായി, 2023 ഡിസംബറോടെ 37 ലക്ഷം ഉപഭോക്താക്കൾക്ക് നൽകും. ചെലവിന്റെ 15% കേന്ദ്ര സഹായമാണ്.പദ്ധതി നടപ്പാക്കുന്നതിന് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനെ നിയോഗിച്ച് കെ.എസ്.ഇ.ബി.ഉത്തരവിറക്കിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കുക, മീറ്റർ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക തുടങ്ങിയവയ്ക്ക് മീറ്ററൊന്നിന് 450 രൂപ കോർപ്പറേഷന് ഫീസ് നൽകും. 6000 രൂപയോളമാണ് ഒരു മീറ്ററിന് ചെലവ്. അതിൽ 900 രൂപ കേന്ദ്ര ധനസഹായം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SMART METER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.