കൊല്ലം: സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ തുല്യനീതിക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും കേരളത്തിലെ സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുമെന്നും യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം വ്യക്തമാക്കി.
മുസ്ലീം സമുദായത്തിന് ഇടതുപക്ഷം അനർഹമായത് നൽകുന്നുവെന്ന യാഥാർത്ഥ്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് മുസ്ലീം ലീഗിന്റെ പോഷക സംഘടനകളും മറ്റ് ചില പ്രസ്ഥാനങ്ങളും വെള്ളാപ്പള്ളി നടേശനെതിരെ വാളുമായി ഇറങ്ങിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞകാര്യം കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ എ.കെ.ആന്റണി നേരത്തെ വിളിച്ചുപറഞ്ഞിട്ടുണ്ട്. അതിന് പുറമേ മുസ്ലീം പ്രീണനം സി.പി.എമ്മിന് ദോഷം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മൂനീർ പാർലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ പറഞ്ഞിരുന്നു. പലർക്കും അനർഹമായത് ലഭിക്കുമ്പോൾ തഴയപ്പെടുന്നതും നഷ്ടമാകുന്നതും ഈഴവ സമുദായത്തിനാണ്. നിയമസഭയിലെയും തദ്ദേശസ്ഥാപനങ്ങളിലെയും സർക്കാർ ഉദ്യോഗങ്ങളിലെയും മറ്റ് സുപ്രധാന കസേരകളിലെയും പ്രാതിനിദ്ധ്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ വിവിധ മത, സാമുദായിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവിടുത്തെ കോഴ്സുകളും പരിശോധിച്ചാൽ അവഗണനയുടെ വിശ്വരൂപം കൂടുതൽ വെളിവാകും.
അധികാരം ലഭിക്കാനും അധികാരത്തിൽ തുടരാനും എൽ.ഡി.എഫും യു.ഡി.എഫും മുസ്ലീം സമുദായത്തിന് അർഹതയില്ലാത്തത് നൽകുന്നുവെന്നത് പച്ചപരമാർത്ഥമാണ്. അത് വിളിച്ചുപറയുന്നവരെ കല്ലെറിയുന്നതിന് പകരം ആത്മപരിശോധനയും തിരുത്തലുമാണ് നടത്തേണ്ടത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ പോലും സർക്കാർ വകുപ്പുകൾ ചവറ്റുകുട്ടയിൽ തള്ളുകയാണ്. ഒരു നൂറ്രാണ്ടിലേറെയായി കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ഗുരുദേവ ക്ഷേത്ര ഭൂമി പതിച്ചുനൽകണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ വകുപ്പുകൾ അനങ്ങുന്നില്ല. എന്നാൽ ഇതേ സർവേ നമ്പരിൽ ഉൾപ്പെട്ട ഭൂമിക്ക് മുസ്ലീം സമുദായ സംഘടന അപേക്ഷ നൽകിയതിന് പിന്നാലെ പതിച്ചുനൽകി. കുറ്റിപ്പുറത്തെ 16 സെന്റ് ഭൂമിക്ക് മുസ്ലീം സംഘടനയും കരുനാഗപ്പള്ളി യൂണിയനും ഒരുമിച്ച് അപേക്ഷിച്ചു. എന്നാൽ ഈഴവ സമുദായത്തെ അവഗണിച്ച് മുസ്ലീം സംഘടനയ്ക്ക് മാത്രം ആറ് സെന്റ് പതിച്ചുനൽകി. ഇങ്ങനെ അവഗണനയിൽ ചിലത് മാത്രം ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുന്നുവെന്നും കൗൺസിൽ യോഗം വ്യക്തമാക്കി.
യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, ബോർഡ് അംഗങ്ങളായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കൗൺസിലർമാരായ ബിജു രവീന്ദ്രൻ, ഓച്ചിറ ശ്രീകുമാർ, അനിൽ ബാലകൃഷ്ണൻ, സുശീലൻ ഓച്ചിറ, ക്ലാപ്പന ഷിബു, വിനോദ്, ശരത്ത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |