ന്യൂഡൽഹി: രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് പൂർത്തിയായെന്ന് പ്ളീനറി സമ്മേളനത്തിൽ പറഞ്ഞ സോണിയാ ഗാന്ധി, വിശ്രമ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന സൂചനയും നൽകി.
1998-ൽ അദ്ധ്യക്ഷയായി ചുമതലയേറ്റ തനിക്ക് 25 വർഷം വലിയ നേട്ടങ്ങളുടെയും അതേസമയം കടുത്ത നിരാശയുടെയും സമയമായിരുന്നു.
യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മൻമോഹൻ സിംഗിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു.
കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയിലെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്ന പ്രസ്ഥാനമാണ്. മുന്നോട്ടുള്ള പാത കഠിനമാണെന്നിലും അന്തിമ വിജയം കോൺഗ്രസിന്റേതാകുമെന്നും സോണിയ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയെയും രാഹുലിനെയും സോണിയ അഭിനന്ദിച്ചു.
സോണിയയ്ക്ക് നന്ദി
കാൽനൂറ്റാണ്ട് പാർട്ടിയെ നയിച്ച സോണിയാ ഗാന്ധിക്ക് കോൺഗ്രസ് പ്ലീനറി സമ്മേളനം നന്ദി രേഖപ്പെടുത്തി. സോണിയയുടെ അർപ്പണബോധം പ്രചോദനം നൽകുന്നതാണെന്ന് പ്ളീനറി പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകം അടക്കം വ്യക്തി ദുരന്തങ്ങൾ മറികടന്ന് ദുരിത പർവത്തിൽ നിന്ന് പാർട്ടിയെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ചയാളാണ് സോണിയയെന്ന് പ്രമേയത്തിൽ പറയുന്നു.
നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി ( ഡെക്ക് )
അവഗണന മടുത്തു, പാർട്ടിയിൽ
സുധാകരന്റെ കോക്കസ്
കണ്ണൂർ: ഹൃദയവേദനയോടെയാണ് റായ്പൂരിൽ എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടിയിൽ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാൽ സ്വയം വിട്ടുനിൽക്കുകയാണെന്നും കെ.സി.വേണുഗോപാലും വി.ഡി.സതീശനും കെ.സുധാകരനും കോക്കസായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനറി സമ്മേളനത്തിന് പോകാൻ വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരും വിളിച്ചില്ല.എന്നെ വേണ്ടെങ്കിൽ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നത്. കെ.സുധാകരന് തൊട്ടുമുൻപ് പ്രസിഡന്റായിരുന്ന ആളാണ് ഞാൻ. ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല.
ഞാൻ കെ.പി.സി.സി അംഗമായ അഴിയൂരിൽ നിന്ന് എന്റെ ഒഴിവിൽ മറ്റൊരാളെ വയ്ക്കുമ്പോൾ സാമാന്യമര്യാദയ്ക്ക് എന്റെ അഭിപ്രായം തേടേണ്ടതല്ലേ. അതുണ്ടായില്ല. കെ.പി.സി.സി, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി പുനഃസംഘടനകൾ മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇത്രയും അവഗണന നേരിട്ട മുൻ കെ.പി.സി.സി പ്രസിഡന്റ് വേറേ ഉണ്ടാവില്ല.
കോഴിക്കോട്ട് ചിന്തൻശിബിരം നടത്തിയപ്പോൾ എന്നോട് ആരും ഒരുവാക്ക് പറഞ്ഞില്ല. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം.എങ്കിലും ആരും എന്നെ സഹകരിപ്പിക്കാൻ മുൻകൈയെടുത്തില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |