ഉടൻ രണ്ട് ഗഡു ഡി.എ കുടിശിക
ശമ്പള പരിഷ്കരണവും പരിഗണിക്കും
തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയവും പ്രതീക്ഷിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം, ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ടാക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയേക്കും. ആശാവർക്കർമാരുടെ കാര്യത്തിൽ പ്രഖ്യാപനം നടത്താനിടയില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തിന് സമരവിജയം നൽകാൻ താത്പര്യമില്ല.
ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1800 ആയി വർദ്ധിപ്പിച്ചേക്കും. പടിപടിയായി ഉയർത്തുമെന്ന വാഗ്ദാനവും നൽകും. ശമ്പള പരിഷ്കരണം എപ്പോൾ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടാകും. ജീവനക്കാർക്ക് ഏഴു ഗഡു ഡി.എ കുടിശികയുണ്ട്. രണ്ടു ഗഡു ഉടൻ നൽകാനാണ് ആലോചന. ബാക്കിയുള്ളതു നൽകുന്ന സമയക്രമം പ്രഖ്യാപിക്കാനാണ് സാദ്ധ്യത.
തദ്ദേശതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇവയെല്ലാം പ്രഖ്യാപിച്ചാൽ ജനങ്ങളുടെ പ്രീതി നേടാമെന്നും വോട്ടായി മാറുമെന്നും കണക്കുകൂട്ടുന്നു.
ഡി.എ കുടിശികയ്ക്ക്
വേണം 20000 കോടി
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021മുതൽ ഇതുവരെ മൊത്തം പതിനൊന്നു ഗഡു ഡി.എ കുടിശികയായെങ്കിലും നാലെണ്ണം കൊടുത്തു. ശേഷിക്കുന്ന ഏഴു ഗഡു കൊടുക്കാൻ മാത്രം 20,000കോടിയോളം കണ്ടെത്തേണ്ടിവരും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ മൊത്തം നൽകാൻ സാഹചര്യമില്ല. അതുകൊണ്ടാണ് രണ്ടു ഗഡു ഉടൻ നൽകാനും ബാക്കിയുള്ളതിന് സമയക്രമം പ്രഖ്യാപിക്കാനും നീക്കം. ഡി.എ കുടിശിക നൽകാൻ കോടതിയുടെ ഇടപെടൽ കൂടിയുണ്ടായതോടെ ഒഴിഞ്ഞുമാറാനാവില്ല.
ക്ഷേമപെൻഷന് 720കോടി
ക്ഷേമപെൻഷനുകൾ 200രൂപ കൂട്ടിയാൽതന്നെ മാസം 61കോടി വേണ്ടിവരും. വർഷത്തിൽ 720കോടിയോളം കണ്ടെത്തണം. 62ലക്ഷം പേർക്കാണ് നൽകേണ്ടത്. ക്ഷേമപെൻഷൻ 2500ആയി വർദ്ധിപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം. 200രൂപവീതം നിശ്ചിത ഇടവേളകളിൽ കൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ആദ്യ വർദ്ധന നടപ്പാക്കുകയും ചെയ്താൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാവും.
കഴിഞ്ഞ ശമ്പള പരിഷ്കരണ
ബാദ്ധ്യത 25,000കോടി
ശമ്പളപരിഷ്കരണത്തിന് പതിവുപോലെ കമ്മിഷനെ നിയമിച്ചാൽ ഈ സർക്കാരിന്റെ കാലാവധിക്കു മുമ്പ് റിപ്പോർട്ട് കിട്ടില്ല.അതിനാൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതി രൂപീകരിച്ച് ശുപാർശവാങ്ങി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനാണ് സാദ്ധ്യത. കഴിഞ്ഞ ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോൾ 25000കോടിയുടെ വൻബാദ്ധ്യതയാണുണ്ടായത്.മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോൾ 4000കോടിയോളം കുടിശിക നൽകേണ്ടിയും വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |